മലപ്പുറം: പാണ്ടിക്കാട് മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ ഷമീറിനെ സിപിഎം പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ പരാചയ കേന്ദ്രങ്ങളില്‍ അക്രമ രാഷ്ട്രീയവുമായി സിപിഎം രംഗത്തു വന്നിരിക്കുകയാണെന്ന് തങ്ങള്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 19ല്‍ 17 സീറ്റും പിടിച്ചെടുത്ത് ഐക്യജനാധിപത്യ മുന്നണി വന്‍ വിജയം നേടിയ കീഴാറ്റൂര്‍ പഞ്ചായത്തിലാണ് ഇന്നലെ കൊലപാതകം നടന്നത്. മരണപ്പെട്ട ശമീറിന്റെ വാര്‍ഡായ ഒറുവമ്പുറവും സിപിഎമ്മില്‍ നിന്നും ഈ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി തിരിച്ച് പിടിച്ചിരുന്നു. ഇതിലുള്ള അരിശമാണ് കൊലപാതകത്തിലെത്തിച്ചത്.

മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ താനൂര്‍ അഞ്ചുടി ഇസ്ഹാഖിനെ സി.പിഎം ക്രിമിനലുകള്‍ കൊല ചെയ്തിട്ട് ഒരു വര്‍ഷം പുര്‍ത്തിയായ ഘട്ടത്തിലാണ് മലപ്പുറം ജില്ലയില്‍ വീണ്ടും സി.പി.എം കൊലപാതകം ആവര്‍ത്തിച്ച് നടത്തിയത്.
ആശയപരമായി നേരിടാന്‍ കഴിയാത്തതിനാലാണ് എതിര്‍ചേരിയിലുള്ളവരെ ആയുധവുമായി നേരിടുന്നതെന്നും തങ്ങള്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തിവരുന്ന അക്രമ രാഷ്ട്രീയം മലപ്പുറം ജില്ലയിലേക്ക് വ്യാപിപിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി സംശയിക്കുകയാണ്. അതുകൊണ്ടാണ് തുടര്‍ച്ചയായി മലപ്പുറം ജില്ലയില്‍ കൊലപാതകങ്ങള്‍ ആസൂത്രിതമായി സൃഷ്ടിക്കുന്നത്. സിപിഎമ്മിന്റെ ഈ ആക്രമ രാഷ്ട്രീയ സംസ്‌കാരത്തെ നിയമപരമായും രാഷ്ട്രീയമായും ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുമെന്നും ബഹുജന പിന്തുണയോടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.