കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ഏകസിവില്‍കോഡ് നീക്കത്തെ ശക്തിയായി എതിര്‍ക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതൃയോഗം തീരുമാനിച്ചു. ഇന്ത്യയില്‍ ഒരു പൊതുനിയമം കൊണ്ടുവരുന്നത് ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്‍മാര്‍ക്ക് നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്. വ്യത്യസ്ത മതസ്ഥര്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് ഒരു പൊതുനിയമം കൊണ്ടുവരുന്നതിലൂടെ രാജ്യത്തിന്റെ മതേതരത്വവും വൈവിധ്യവും തകരാന്‍ കാരണമാകും. വിശ്വാസ സ്വാതന്ത്ര്യം മൗലികാവകാശമായിരിക്കേ ഒരു ഹിതപരിശോധന നടത്തി നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള നിഗൂഢനീക്കം സമൂഹം തിരിച്ചറിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഏകസിവില്‍ കോഡ് ഒരു പ്രത്യേക വിഭാഗത്തെ മാത്രം ബാധിക്കുന്നതല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് സമാന മനസ്‌കരുമായി യോജിച്ച് ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കും.
കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ അധ്യക്ഷനായി.

സമസ്ത കേരള ഇസ്്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്്മാന്‍ മുസ്്്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ മമ്മദ് ഫൈസി തിരൂര്‍ക്കാട്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, പി.എ ജബ്ബാര്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എ ഇമ്പിച്ചിക്കോയ തങ്ങള്‍, എം.എ ചേളാരി, റഷീദ് ഫൈസി വെള്ളായിക്കോട്, പ്രൊഫ. ടി അബ്ദുല്‍മജീദ്, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി സംബന്ധിച്ചു.