അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ അതിര്‍ത്തികളെല്ലാം സഊദി തുറന്നു. ആറ് മാസത്തിലധികമായി നിലനില്‍ക്കുന്ന യാത്ര വിലക്കിന്നാണ് ഇന്ന് അതിര്‍ത്തികള്‍ തുറന്നതോടെ അന്ത്യം കുറിച്ചത്. കരാതിര്‍ത്തികള്‍ വഴിയുള്ള രാജ്യത്തേക്കുള്ള പ്രവേശന കവാടങ്ങളിലെല്ലാം വന്‍തിരക്ക് അനുഭവപെട്ടു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഇന്നലെ രാജ്യത്തിലെത്തിയവരില്‍ ഭൂരിഭാഗവും. ബഹ്‌റൈന്‍ അതിര്‍ത്തിയിലെ കിംഗ് ഫഹ്ദ് കോസ് വേയില്‍ പുലര്‍ച്ചയോടെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. സഊദിയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പോകുന്ന വാഹനങ്ങളുടെ വന്‍ തിരക്കാണുണ്ടായത്. മറ്റു അതിര്‍ത്തികളിലും വന്‍ തിരക്കാണ് അനുഭവപെട്ടതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്തു. എല്ലാ അതിര്‍ത്തികളിലും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച 15ന് നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വ്യോമ ഗതാഗതത്തിനുള്ള വിലക്കും ഭാഗികമായി നീക്കിയെങ്കിലും വിമാനങ്ങളുടെ ഷെഡ്യൂളുകളില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. റീ എന്‍ട്രി വിസ, സന്ദര്‍ശക വിസ എന്നിവയുള്ള വിദേശികളെയും ജിസിസി പൗരന്മാരെയും രാജ്യത്തേക്ക് കൊണ്ടുവരാമെന്ന് രാജ്യത്തെ എല്ലാ എയര്‍ ലൈനുകളെയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ മുഖേന അറിയിച്ചിരുന്നു . യാത്രയുടെ 48 മണിക്കുറിനകം നടത്തിയ പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജറാക്കിയാല്‍ മാത്രമേ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കുകയുള്ളൂ. ഓരോ രാജ്യങ്ങളിലെയും സഊദി അംഗീകൃത ലബോറട്ടറികളില്‍ നിന്ന് ചെയ്ത ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കേണ്ടതും സഊദിയിലെ വിമാനത്താവളങ്ങളിലെത്തിയാല്‍ അധികൃതര്‍ ആവശ്യപ്പെടുന്ന പക്ഷം കാണിക്കേണ്ടതുമാണ് . വിദേശികള്‍ രാജ്യത്തെത്തിയാല്‍ മൂന്ന് ദിവസം സ്വയം കോറന്റൈനില്‍ പ്രവേശിക്കണം. കൊറന്റൈനുള്ള കരാര്‍ പത്രത്തില്‍ എയര്‍ പോര്‍ട്ടില്‍ വെച്ച് യാത്രക്കാര്‍ ഒപ്പിട്ടു നല്‍കണം. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ രാജ്യത്തെത്തുന്ന വിദേശികള്‍ നിര്ബന്ധിതരാണ്.നിബന്ധനകള്‍ ലംഘിച്ചാല്‍ ഗുരുതരമായ കുറ്റമായി കണക്കാക്കും.

അതെ സമയം ഇന്ത്യയില്‍ നിന്നുള്ള യാത്രയെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. കോവിഡ് വ്യാപനമുണ്ടായ രാജ്യങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണത് പ്രത്യേക സമിതിയാണ്. ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ ഈ സമിതിയുടെ തീരുമാനം അന്തിമമാകും. വിമാന സര്‍വീസുകള്‍ക്കനുസരിച്ച് മാത്രമേ സഊദിയില്‍ നിന്ന് വിദേശങ്ങളിലേക്കും തിരിച്ചും യാത്ര സാധ്യമാകൂവെന്ന് സഊദി എയര്‍ലൈന്‍സ് അറിയിച്ചു. ഓരോ രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക വ്യവസ്ഥകളുണ്ട്. ആ വ്യവസ്ഥകള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്നും എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.

വിദേശികളെ നിബന്ധനകള്‍ പാലിച്ച് സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ സജ്ജമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇന്നലെ വൈകീട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ തന്നെ ആശ്രയിക്കേണ്ടിവരും. വന്ദേ ഭാരത് വിമാനങ്ങളില്‍ യാത്ര അനുവദിക്കുമോ എന്ന് വ്യക്തമല്ല. ഇരു ഗവണ്‍മെന്റിന്റെയും അനുമതി ലഭിച്ചാല്‍ മാത്രമേ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് സര്‍വീസ് നടത്താനാവുകയുള്ളൂ. സാധാരണ വിമാന സര്‍വീസുകള്‍ക്കുള്ള അനുമതി ലഭ്യമാകുന്നത് വരെ സഊദി യില്‍നിന്ന് നാട്ടിലെത്താന്‍ വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാനങ്ങളെ തന്നെ സഊദിയിലുള്ള യാത്രക്കാര്‍ക്ക് ആശ്രയിക്കേണ്ടി വരും .

നാട്ടിലും സഊദിയിലുമുള്ള വിവിധ ട്രാവല്‍ ഏജന്‍സികള്‍ സഊദിയിലേക്കുള്ള യാത്രക്ക് നീക്കം ആരംഭിച്ചിട്ടുണ്ട് .ചില ഏജന്‍സികള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ബുക്കിംഗും സ്വീകരിച്ചുതുടങ്ങി.സഊദി ദേശീയ ദിനമായ സെപ്റ്റംബര്‍ 23 ന് കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും തിരുവനന്തപുരത്ത് നിന്ന് ജിദ്ദ വഴി റിയാദ് , കൊച്ചിയില്‍ നിന്ന് ജിദ്ദ വഴി റിയാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് സഊദി എയര്‍ലൈന്‍സ് കേരളത്തിലെ ഏജന്‍സിയായ റവാബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് അറിയിച്ചിട്ടുണ്ട്. കോവിഡിന്റെ വ്യാപ്തിയും ആശങ്കയും മനസ്സിലാക്കി സഊദിയുടെ അന്തിമ അനുമതിക്ക് വിധേമായിട്ടായിരിക്കും ഇക്കാര്യങ്ങളൊക്കെ നടക്കുകയെന്നതാണ് ലഭിക്കുന്ന സൂചന.