ജിദ്ദ: മനുഷ്യാവകാശ ലംഘനങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സഊദി അറേബ്യ-കാനഡ നയതന്ത്രം ബന്ധം കൂടുതല്‍ വഷളാകുന്നു. കാനഡയിലെ ആസ്പത്രികളിലേക്ക് വിദഗ്ധ ചികിത്സക്കായി രോഗികളെ അയക്കുന്നത് സഊദി നിര്‍ത്തിവെച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന പൗരന്മാരെ കാനഡക്ക് പുറത്തുള്ള ആസ്പത്രികളിലേക്ക് മാറ്റാന്‍ നീക്കം ആരംഭിച്ചതായും സഊദി പ്രസ് ഏജന്‍സി അറിയിച്ചു.

സഊദി ഭരണകൂടത്തിന്റെ പുതിയ വിലക്ക് എത്ര രോഗികളെ ബാധിക്കുമെന്ന് വ്യക്തമല്ല. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുവെന്ന് ആരോപിച്ച് കനേഡിയന്‍ അംബാസഡറെ സഊദി അറേബ്യ പുറത്താക്കിയിരുന്നു. ഇതിന് പുറമെ കാനഡയിലെ സ്വന്തം അംബാസഡറെ പിന്‍വലിക്കുകയും വ്യാപാര ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. കാനഡയിലെ 15,000 സഊദി വിദ്യാര്‍ത്ഥികളോട് രാജ്യത്തേക്ക് മടങ്ങാനും ഉത്തരവിട്ടു. ടൊറന്റോയിലേക്കുള്ള സഊദി എയര്‍ലൈന്‍ വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

വനിതാ പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ കാനഡ പ്രതിഷേധിച്ചതാണ് സഊദി ഭരണകൂടത്തെ ചൊടിപ്പിച്ചത്. സഊദി-കാനഡ നയതന്ത്ര തര്‍ക്കം അമേരിക്കയെ കുരുക്കിലാക്കിയിട്ടുണ്ട്. അമേരിക്കയുമായി ഉറ്റബന്ധമുള്ള രാജ്യങ്ങളാണ് ഇവ രണ്ടും. പ്രശ്‌നം സഊദിയും കാനഡയും നയതന്ത്രപരമായി പരിഹരിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ഹീതര്‍ നോവെര്‍ട്ട് പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട വ്യക്തി സ്വാതന്ത്ര്യത്തെ അമേരിക്ക മാനിക്കുന്നുണ്ടെന്നും അതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. സമര്‍ ബദവി ഉള്‍പ്പെടെയുള്ള പൗരാവകാശ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് കാനഡ സഊദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശങ്ങള്‍ കൂടിയാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞിരുന്നു.