കവര്‍ച്ചക്കായും ലൈംഗികാസക്തിയാലും ജാതിമത-കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുമൊക്കെ നിത്യേന നടക്കുന്ന അരുംകൊലകള്‍, കൂട്ട ആത്മാഹുതികള്‍, പ്രളയത്തിലും രോഗത്താലും പൊതുനിരത്തുകളിലും അരങ്ങേറുന്ന കൂട്ടക്കുരുതികള്‍, വിദ്യാര്‍ത്ഥികളെ പോലും വിടാതെ പിന്തുടരുന്ന അക്രമ പരമ്പരകള്‍. പ്രബുദ്ധകേരളം ഇതെല്ലാംകേട്ട് അന്ധാളിച്ചുനില്‍ക്കുമ്പോഴാണ് അറപ്പിക്കുന്ന പുതിയൊരു വര്‍ത്ത. ഇടുക്കി വണ്ണപ്പുറം കമ്പകക്കോണം മുണ്ടന്‍മുടിയില്‍ നാലംഗ കുടുംബത്തെ അന്ധവിശ്വാസത്തിന്റെ പേരില്‍ കൂട്ടക്കശാപ്പ് നടത്തിയ സംഭവം സാക്ഷര-വിദ്യാസമ്പന്നമെന്ന് സ്വയം അഭിമാനിക്കുന്ന കേരളത്തെ ഒരിക്കല്‍കൂടി ലജ്ജിപ്പിച്ചിരിക്കുന്നു. അമ്പതുകാരനായ ദുര്‍മന്ത്രവാദി കാനാട്ട് കൃഷ്ണനെയും ഭാര്യ സുശീലയെ(50)യും മക്കളായ ആര്‍ഷ (20), അര്‍ജുന്‍(17) എന്നിവരെയും കൃഷ്ണന്റെ മന്ത്രവാദിയായ ശിഷ്യന്‍ അനീഷാണ് കൂട്ടുകാരന്റെ സഹായത്തോടെ വെട്ടുകത്തിയും ഇരുമ്പുവടിയുമായി കൂട്ടക്കശാപ്പ് നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കൃഷ്ണനെയും അയാളുടെ മാനസിക സ്ഥിരതയില്ലാത്ത മകന്‍ അര്‍ജുനെയും ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവത്രെ. ഒരു രാത്രിയും പകലും രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയും മകളെയും കണ്ട് ജീവനോടെ ഭര്‍ത്താവും മകനും. ആലോചിക്കുമ്പോള്‍പോലും പേടിപ്പെടുത്തുന്ന സിനിമയെ വെല്ലുന്ന സംഭവകഥ. വര്‍ഷങ്ങളായി ആഭിചാരക്രിയകള്‍ ചെയ്ത്് ജീവിച്ചിരുന്ന കൃഷ്ണന്റെ കൂടെ ഏതാനും വര്‍ഷമായി മന്ത്രവാദം നടത്തിയിരുന്ന അടിമാലി സ്വദേശി അനീഷ് ആറു മാസം മുമ്പാണ് ഗുരുവുമായി തെറ്റുന്നത്. തന്റെ മാന്ത്രിക വിദ്യകള്‍ ഫലിക്കാത്തതിനുകാരണം കൃഷ്ണന്‍ തന്റെ കഴിവുകള്‍ തട്ടിയെടുത്തതിനാലാണെന്ന് വിശ്വസിച്ച് അയാളുടെ പക്കലുള്ള സിദ്ധികള്‍ കൈവരിക്കാനും താളിയോലകള്‍ കൈക്കലാക്കാനും വേണ്ടിയാണ് അനീഷ് ഈ കാട്ടാളത്തത്തിന് മുതിര്‍ന്നതത്രെ. അനീഷിന്റെ സഹായി കീരിക്കാട് സ്വദേശി ലീബീഷിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ജൂലൈ 29ന് രാത്രി എട്ടരയോടെ നടന്ന കിരാത സംഭവത്തിന് കാരണമായത് കേട്ടാലറയ്ക്കുന്ന അന്ധവിശ്വാസമാണെന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആധുനിക സമൂഹത്തെ സ്‌തോഭിപ്പിക്കുന്നു. കാലവും ജനങ്ങളും ഇത്രയൊക്കെ പുരോഗമിച്ചെന്നഭിമാനിക്കുമ്പോഴും നാം മധ്യകാലത്തെ ഇരുണ്ട യുഗത്തേക്കാണോ പുറന്തിരിഞ്ഞ് നടക്കുന്നതെന്ന് ന്യായമായും സംശയിക്കണം. സാമാന്യ വിദ്യാഭ്യാസമില്ലാത്തവരും ശാസ്ത്രീയവും യഥാര്‍ത്ഥ ആത്മീയവുമായ വിശ്വാസങ്ങളില്‍ ജ്ഞാനമില്ലാത്തവരുമാണ് ഇത്തരം അന്ധവിശ്വാസജടിലതകളില്‍ അഭിരമിക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത്തരക്കാര്‍ വിലപ്പെട്ട മനുഷ്യ ജീവനുകളെയാണ് ഒറ്റ രാത്രികൊണ്ട് കൊന്നൊടുക്കുന്നതെന്നത് ആധുനിക സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും അലോസരമാകേണ്ട വിഷയമാണെങ്കിലും, പുരോഗമനപരമെന്ന് അഭിമാനിക്കുന്നവര്‍പോലും ഇത്തരം വിശ്വാസഅന്ധകാരത്തിനടിമകളാണ് എന്നതാണ് അതിലും ലജ്ജാകരമായിട്ടുള്ളത്.
വടക്കേ ഇന്ത്യയില്‍ പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്ന മത ന്യൂനപക്ഷങ്ങളും ദലിതരും അന്ധവിശ്വാസത്തിന്റെ ഇരകളാകുന്നത് ലോകത്തിന്റെ തന്നെ വേദനയായിട്ട് നാളേറെയായി. ഇതേ മാസാദ്യം തന്നെയാണ് ഇന്ത്യാമഹാരാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍നിന്ന് ഒരു കുടുംബത്തിലെ വയോധികരടക്കം പതിനൊന്നുപേര്‍ അന്ധവിശ്വാസത്തിന് ഇരകളായി ഇഹലോകത്തുനിന്ന് യാത്രയാക്കപ്പെട്ടത്. ദുര്‍മന്ത്രവാദം കാരണമായിരുന്നു ആ കൂട്ടക്കൊല. മരിച്ചുപോയ പിതാവ് സ്വപ്‌നത്തില്‍വന്ന് ആജ്ഞാപിച്ചതനുസരിച്ചാണ് മരിക്കില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് കുടുംബനാഥന്‍ കുടുംബാംഗങ്ങളെ ഒന്നാകെ തൂക്കിക്കൊന്നത്. അവരെ അതിനായി മാനസികമായി പരുവപ്പെടുത്തുകയായിരുന്നുവെന്നാണ് വിദഗ്ധാന്വേഷണത്തിലൂടെ തെളിഞ്ഞത്. 2014ല്‍ പത്തനംതിട്ടയില്‍ പതിനെട്ടുകാരിയെ ദേഹമാസകലം ഭസ്മം പൂശിയശേഷം തീകൊളുത്തിയതിനെതുടര്‍ന്ന് പെണ്‍കുട്ടിക്ക് മരണത്തിന് കീഴടങ്ങേണ്ടിവന്നു. ശാസ്ത്രലോകത്തുപോലും ഇത്തരം അന്ധവിശ്വാസങ്ങള്‍ വ്യാപകമാണ്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളില്‍ റോക്കറ്റ് വിക്ഷേപണങ്ങള്‍ക്കുമുമ്പ് നടക്കുന്ന പൂജാദികര്‍മങ്ങള്‍ ഉദാഹരണം. കേരള ഹൈക്കോടതിയുടെ പുതിയ കെട്ടിടം 2006ല്‍ ഉദ്ഘാടനം ചെയ്യുന്ന സമയം പുതിയ മുറികള്‍ക്ക് പേരിട്ടത് 12 വരെ അക്കക്രമനുസരിച്ചും അതിനുശേഷം 13ന് പകരം 12 എ, ബി.സി. എന്നുമായിരുന്നു. ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതിക്ക് തന്നെ ഈ അന്ധവിശ്വാസത്തെ പരിഹസിച്ച് വിധി പുറപ്പെടുവിക്കേണ്ടിവന്നു. എന്തിന്, അടുത്തകാലം വരെ കേരളത്തിലെ മന്ത്രിമാര്‍ക്ക് 13 എന്ന വാഹന നമ്പര്‍ പഥ്യമായിരുന്നുവെന്നതും മറക്കാറായിട്ടില്ല. രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി വിരമിക്കുന്ന സമയത്ത് നടത്തിയ പശുവിന്റെ ദൈവികാംശങ്ങളെ വിശദീകരിച്ചുള്ള പ്രസ്താവവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മയില്‍ ഇണചേരാറില്ലെന്ന് പരസ്യമായി ഈ മാന്യദേഹം വിളിച്ചുപറഞ്ഞു. കാസര്‍കോട്ട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഇരുപതിനായിരം രൂപ ചെലവില്‍ പ്രേതബാധ ഒഴിപ്പിക്കാനായി ഹോമം നടത്തിയത് വെറുമൊരു ആരോപണമായിരുന്നില്ല. പുരാണകാലത്തുതന്നെ വിമാനം കണ്ടുപിടിച്ചിരുന്നെന്നും ഇന്റര്‍നെറ്റ് മഹര്‍ഷിമാര്‍ പോലും ഉപയോഗിച്ചിരുന്നെന്നും പറഞ്ഞത് കേന്ദ്ര ഭരണകക്ഷിയുടെ മുഖ്യമന്ത്രിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ അണക്കെട്ടുകള്‍ തുറന്നുവിടുംമുമ്പ് നടന്ന കേരളത്തിലെ പല ജലസേചന വകുപ്പ് ഓഫീസുകളിലെയും പൂജകളും നിസ്സാരമായി തള്ളുമ്പോഴാണ് വണ്ണപ്പുറങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന സത്യം മറക്കരുത്. വിവിധ മാധ്യമങ്ങള്‍ക്ക് ഇപ്പോഴും കാനാടിമഠങ്ങളിലെ ബാധ ഒഴിപ്പിക്കലും മറ്റും പരസ്യവരുമാനമാകുമ്പോഴും കമ്യൂണിസ്റ്റ് നേതാക്കളുടെ ഭാര്യമാര്‍ പോലും ഉദ്ദിഷ്ട കാര്യസിദ്ധിക്കായി ഇഷ്ടമൂര്‍ത്തികളുടെമേല്‍ പൂമൂടല്‍ കര്‍മങ്ങള്‍ നടത്തുമ്പോഴും ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള പ്രസ്താവനാവിരുതുകള്‍ ജനംകേട്ടുചിരിക്കുകയേ ഉള്ളൂ. രോഗം വന്നാലും മാനസിക ശാന്തിക്കായും ആള്‍ദൈവങ്ങളെ ശരണം പ്രാപിക്കുന്നവര്‍ അഭ്യസ്ഥ വിദ്യരില്‍പോലുമുണ്ടെന്നുള്ളത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കൂടി പോരായ്മയായി കാണണം. ഇവിടെയാണ് കുടിലബുദ്ധികളുമായി അക്ഷയത്രിതീയകളും മറ്റുമായി കച്ചവടക്കാര്‍ അറിവില്ലാത്ത ജനതയെ വലവീശിപ്പിടിച്ച് തടിച്ചുകൊഴുക്കുന്നത്.
മാതാപിതാക്കള്‍ തെറ്റിപ്പിരിഞ്ഞപ്പോള്‍ പൂരപ്പറമ്പില്‍ കപ്പപുഴുങ്ങിവിറ്റും വഴിയോരത്ത് മീന്‍വിറ്റും പഠിക്കാന്‍ പണം കണ്ടെത്തുന്ന കൗമാരക്കാരിയുടെ നാടാണിത്. ഇവരേക്കാള്‍ മാതൃക ആഭിചാര കര്‍മങ്ങളുടെ ഉഗ്രമൂര്‍ത്തികളാകുന്നത് കേരളത്തിന്റെ ദുര്യോഗമെന്നേ പറയേണ്ടൂ. പാഠ്യപദ്ധതികളില്‍ യഥാര്‍ത്ഥ ആത്മീയതയെയും ശാസ്്ത്ര ബോധത്തെയും ഉള്‍പെടുത്തുകയും അന്ധവിശ്വാസങ്ങളെ യഥോചിതം നിര്‍ണയിക്കുകയും ചെയ്യുകയാണ്് ഇതിനുള്ള പോംവഴി. ശക്തമായ ശിക്ഷാവിധിയുള്ള നിയമം നിര്‍മിക്കുകയുമാണ് മറ്റൊരു പോംവിധി.