അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: രാജ്യത്തെ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് പുതിയ നിയന്ത്രണങ്ങള്‍ നീട്ടാന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കും അപകടത്തിലേക്കും നീങ്ങാതിരിക്കാനാണ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നടപടികള്‍ വേണ്ടി വരില്ലെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ലെഫ്റ്റനെന്റ് കേണല്‍ തലാല്‍ അല്‍ ശല്‍ഹുബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനിക്കുന്നത് പ്രകാരമാണ് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുക. മുന്‍കരുതല്‍ നടപടികള്‍ നീട്ടാനുണ്ടായ സാഹചര്യം ജനങ്ങളുടെ അശ്രദ്ധയാണ്. ജയിലുകളും തടവുകേന്ദ്രങ്ങളും സന്ദര്‍ശിച്ച് തടവുകാര്‍ക്ക് കോവിഡ് ബാധയില്ലെന്നും മുന്‍കരുതല്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനുള്ള നടപടികള്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടാതെ വ്യാപാര വാണിജ്യ സ്ഥാപങ്ങളിലും കര്‍ശനമായ പരിശോധനയാണ് നടക്കുന്നത്.

അതേസമയം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്കിന്റെ കാര്യത്തില്‍ പുതിയ തീരുമാനങ്ങളൊന്നും വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിട്ടില്ല. കോവിഡ് ബാധ കൂടുതല്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് സഊദിയില്‍ തുടരുകയാണ്. അനിശ്ചിതമായി തുടരുന്ന വിലക്കിനെ തുടര്‍ന്ന് നിരവധി പ്രവാസികളടക്കം കനത്ത പ്രതിസന്ധിയിലാണ് . ദുബായ് വഴി പുറപെട്ടവരും വഴിമധ്യേ കുടുങ്ങി .

നിയന്ത്രങ്ങളുടെ ഭാഗമായി മാളുകള്‍ അടക്കമുള്ള വാണിജ്യ സമുച്ചയങ്ങളിലേക്ക് പ്രവേശിക്കണമെങ്കില്‍ രോഗാവസ്ഥ തെളിയിക്കുന്ന തവക്കല്‍ന ആപ്പുണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ.പള്ളികളിലും കര്‍ശനമായ നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ചില പള്ളികള്‍ പ്രതിരോധ പ്രവര്‍ത്തികള്‍ക്കായി അടച്ചിട്ടുണ്ട്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത് .

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുന്‍കരുതലെന്നോണം നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി ഇന്ന് രാവിലെ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു . അടുത്ത 20 ദിവസത്തേക്ക് റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. പാര്‍സല്‍ സര്‍വീസ് മാത്രമാണ് അനുവദിക്കുക. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ടാവും.ഇരുപതില്‍ പരം പേര്‍ കൂട്ടം കൂടുന്നതും പാടെ വിലക്കി. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടക്കണം.നേരത്തെ 10 ദിവസത്തേക്ക് ഇവയെല്ലാം നിരോധിച്ചിരുന്നു. ഇന്നലെ പത്ത് ദിവസം പൂര്‍ത്തിയായതോടെയാണ് നിയന്ത്രണം തുടരാന്‍ മന്ത്രാലയം തീരുമാനിച്ചത്.