ഭോപ്പാല്‍: മധ്യപ്രദേശില്‍ പെട്രോളിന്റെ വില 100 രൂപ കടന്നു. ഇതോടെ ഏതാനും ദിവസങ്ങള്‍ക്കകം സെഞ്ച്വറിയടിക്കും എന്ന കാത്തിരിപ്പിന് അവസാനമായി. പ്രീമിയം പെട്രോളിന്റെ വിലയാണ് മൂന്നക്കം കടന്നത്. മധ്യപ്രദേശിലെ ഭോപ്പാല്‍, അനുപ്പൂര്‍, ഷഹ്‌ദോല്‍ ജില്ലകളിലും മഹാരാഷ്ട്രയിലെ പര്‍ഭനി ജില്ലയിലുമാണ് പ്രീമിയം പെട്രോളിന്റെ വില നൂറിലെത്തിയത്.

ഇതോടെ പെട്രോള്‍ പമ്പിലെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാറ്റുയര്‍ത്തി പ്രതിഷേധം അറിയിച്ചു. നൂറ് അടിച്ചാലുള്ള ആഘോഷം ഇവിടെയും തെറ്റിക്കുന്നില്ല എന്നാണ് പ്രതീകാത്മ സമരത്തോടെ യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

ഭോപ്പാലില്‍ 100 രൂപ നാലു പൈസയാണ് നിരക്ക്. സാധാരണ പെട്രോളിന് ഇവിടെ 96 രൂപ 37 പൈസയും ഡീസലിന് 86 രൂപ 84 പൈസയുമാണ് ഇപ്പോള്‍.കേരളത്തില്‍ തുടര്‍ച്ചയായി ആറാം ദിവസവും വില ഉയര്‍ന്നതോടെ കൊച്ചിയിലും പെട്രോള്‍ വില ലീറ്ററിന് 89 രൂപയിലെത്തി. ഇന്ന് 29 പൈസയാണു കൂട്ടിയത്.