അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ക്ക് കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി സഊദി . സ്‌പോണ്‍സറുടെ അനുമതിയില്ലാതെയുള്ള സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം തൊഴില്‍ കരാറിന്റെ കാലാവധിക്കിടയിലാണെങ്കില്‍ മൂന്ന് മാസം മുമ്പേ തൊഴിലുടമയെ അറിയിക്കണമെന്നും ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം പിന്നിട്ടാല്‍ മാത്രമേ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അര്‍ഹതയുണ്ടാവുകയുള്ളൂവെന്നും ഈ സാഹചര്യത്തില്‍ കരാര്‍ പ്രകാരമുള്ള നഷ്ട പരിഹാരം പാലിക്കാന്‍ തൊഴിലാളി ബാധ്യസ്ഥനാണെന്നും മാനവശേഷി, സാമൂഹിക മന്ത്രാലയം വ്യക്തമാക്കി. അതേസമയം കരാര്‍ കാലാവധി അവസാനിച്ചാല്‍ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ പുതിയ കമ്പനിയിലേക്ക് മാറാന്‍ സാധ്യമാകും.

തൊഴിലാളിയും തൊഴിലുടമയും തമ്മിലൊപ്പുവെച്ച ഇലക്ട്രോണിക് തൊഴില്‍ കരാറിനെ അടിസ്ഥാനമാക്കി ഇരുവിഭാഗങ്ങളുടെയും അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്ന നിലയിലാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനിരിക്കുന്നത്. ഹുറൂബ്, ശമ്പളം നല്‍കാതിരിക്കല്‍, ഫ്രീ വിസ തുടങ്ങി തൊഴില്‍മേഖലയിലെ എല്ലാ നിയമലംഘനങ്ങള്‍ക്കും ഒരു പരിധിവരെ ഇതുമൂലം പരിഹാരമുണ്ടാകുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പുതിയ തൊഴില്‍നിയമ ഭേദഗതികള്‍ക്കനുസരിച്ച് ആഭ്യന്തര, മാനവശേഷി മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റ് നവീകരണം ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്നും മന്ത്രാലയം അറിയിച്ചു.

തൊഴിലുടമയും തൊഴിലാളിയും ഒപ്പുവെച്ച ഇലക്ട്രോണിക് തൊഴില്‍ കരാര്‍ ഉണ്ടായിരിക്കല്‍, മന്ത്രാലയത്തിന്റെ ഖിവ വെബ്‌സൈറ്റില്‍ തൊഴില്‍ പരസ്യം ചെയ്യല്‍, നിലവിലെ തൊഴിലുടമക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റം സംബന്ധിച്ച് നോട്ടീസ് നല്‍കല്‍ എന്നിവയും കഫാല മാറ്റത്തിന് ആവശ്യമായ മറ്റു നിബന്ധനകളാണ്. തൊഴിലാളിയെ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ട നിബന്ധനകളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വേതനസുരക്ഷ നിയമം പാലിക്കല്‍, വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസ ലഭിക്കാന്‍ യോഗ്യതയുണ്ടാകല്‍, മന്ത്രാലയത്തിന്റെ സ്വയം വിലയിരുത്തല്‍ പദ്ധതിയും ഇലക്ട്രോണിക് തൊഴില്‍ കരാര്‍ വ്യവസ്ഥയും നടപ്പാക്കല്‍ എന്നിവയാണ് തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് ഏറ്റെടുക്കാന്‍ തയ്യാറാകുന്ന കമ്പനികള്‍ക്കുള്ള നിബന്ധനകള്‍. സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിന് പുതിയ തൊഴിലുടമ ഖിവ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. നിലവിലെ ഫീസ് തന്നെയാണ് കഫാല മാറ്റത്തിന് ഈടാക്കുക.

തൊഴിലില്‍ പ്രവേശിച്ച് മൂന്നു മാസമായിട്ടും തൊഴില്‍ കരാര്‍ ലഭിക്കാതിരിക്കുക. മൂന്നു മാസം തുടര്‍ച്ചയായി ശമ്പളം നല്‍കാതിരിക്കുക. മരണം, യാത്ര, ജയില്‍ തുടങ്ങിയ കാരണങ്ങളാല്‍ തൊഴിലുടമ അപ്രത്യക്ഷനാകല്‍, തൊഴിലാളിയുടെ ഇഖാമയുടെ കാലാവധി അവസാനിക്കല്‍, താന്‍ പ്രതിയല്ലാത്ത നിലയില്‍ തൊഴിലുടമക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളില്‍ തൊഴിലാളി ബിനാമി പരാതി നല്‍കല്‍, മനുഷ്യകടത്ത് സ്ഥിരീകരിക്കല്‍, തൊഴില്‍ കേസില്‍ സമന്‍സ് ലഭിച്ചിട്ടും തൊഴിലുടമ രണ്ട് പ്രാവശ്യം ഹാജറാകാതിരിക്കല്‍, നിലവിലെ തൊഴിലുടമ സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിന് അനുമതി നല്‍കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് നിലവിലുള്ള സ്ഥാപനത്തില്‍ നിന്ന് സ്വതന്ത്ര കഫാല മാറ്റത്തിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ് .

മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ പോലെ സഊദിയിലെ പ്രവാസികള്‍ക്കും സ്വതന്ത്രമായി യാത്രക്കുള്ള അവസരമൊരുങ്ങുന്നതാണ് പുതിയ റീ എന്‍ട്രി സംവിധാനം . ഗാര്‍ഹിക വിസയിലുള്ളവരൊഴികെ മറ്റെല്ലാ വിദേശ തൊഴിലാളികള്‍ക്കും റീ എന്‍ട്രിക്കുള്ള ഗവണ്മെന്റ് ഫീസ് അടച്ച ശേഷം അബ്ശിര്‍ വഴി സ്വന്തമായി റീ എന്‍ട്രി അടിക്കാവുന്നതാണ്. ഇതേപോലെ സൗജന്യമായി ഫൈനല്‍ എക്‌സിറ്റും അബ്ഷിര്‍ അടിക്കാവുന്നതാണ്. തൊഴിലാളിയുടെ പേരില്‍ ട്രാഫിക് പിഴകളോ സര്‍ക്കാര്‍ ഫീസുകളിലെ കുടിശ്ശികയോ ഉണ്ടെങ്കില്‍ അതടച്ചു തീര്‍ത്ത ശേഷമേ റീ എന്‍ട്രിയും എക്‌സിറ്റും ലഭിക്കുകയുള്ളൂ. തൊഴിലാളി സ്വന്തമായി അടിച്ച റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും സംബന്ധിച്ച സന്ദേശം ഇലക്ട്രോണിക് സന്ദേശമായി ലഭിക്കുമെങ്കിലും തൊഴിലുടമക്ക് റദ്ദാക്കാന്‍ സാധിക്കില്ല. ഇപ്രകാരം റീ എന്‍ട്രിയില്‍ പോയി തിരിച്ചു വരാത്തവര്‍ക്ക് ഇപ്പോള്‍ നിലവിലുള്ളത് പ്രകാരം പ്രവേശന നിരോധനനിയമം ബാധകമാകും. നിശ്ചിത കാലപരിധിക്ക് ശേഷം മാത്രമേ തിരിച്ചു വരാന്‍ സാധിക്കുകയുള്ളൂ.

അടുത്ത മാര്‍ച്ചോടെ നടപ്പാക്കാനിരിക്കുന്ന തൊഴില്‍ പരിഷ്‌കാരം വഴി സഊദിയിലെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ സുതാര്യതയും മത്സരക്ഷമതയും കൈവരുമെന്ന് മന്ത്രാലയം വിശദമാക്കി. അന്താരാഷ്ട്ര തലത്തില്‍ സഊദിയുടെ ഇടപെടലുകള്‍ സജീവമായ സാഹചര്യത്തിലാണ് സ്വകാര്യ തൊഴില്‍ മേഖലയെ ഉടച്ചു വാര്‍ക്കാന്‍ സഊദി ഭരണകൂടം തീരുമാനിച്ചത്. ഈ മാസം അവസാന വാരം റിയാദില്‍ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയുടെ മുന്നോടിയായുള്ള തീരുമാനം കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്ടിക്കാനും അതുവഴി വിദേശ നിക്ഷേകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണ്. 2030 വിഷനില്‍ ഉള്‍പ്പെട്ട തൊഴില്‍ മേഖലയുടെ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് ശാസ്ത്രീയമായി രൂപം നല്‍കുകയാണ് വിവിധ മന്ത്രാലയങ്ങള്‍.