അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയിലെ എണ്ണ റിഫൈനറിക്ക് നേരെ വെള്ളിയാഴ്ച്ച ഹൂതികള്‍ നടത്തിയ ഭീകരാക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ ശക്തമായി അപലപിച്ചു. റിയാദിലെ റിഫൈനറിക്ക് നേരെയാണ് വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ആക്രമണമുണ്ടായത്. ഡ്രോണ്‍ (ആളില്ലാ വിമാനം) ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് . റിഫൈനറി ആക്രമണത്തെ ഭീരുത്വം നിറഞ്ഞ നടപടിയെന്ന് സഊദി അറേബ്യ വിശേഷിപ്പിച്ചു. ഇത്തരം ഭീകരാക്രമണങ്ങളിലൂടെയും അട്ടിമറി പ്രവര്‍ത്തനങ്ങളിലൂടെയും ശത്രുക്കള്‍ ലക്ഷ്യം വെക്കുന്നത് സഊദിയെ മാത്രമല്ലെന്നും, അതിലുപരി രാജ്യാന്തര ഊര്‍ജ വിതരണ രംഗത്തുള്ള സുരക്ഷയെയും ആഗോള സുസ്ഥിരതയെയുമാണെന്ന് സഊദി ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി.

യുദ്ധസമാനമായ ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സിവിലിയന്‍ മേഖലകളെയും ജനോപകാര കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നത് ഈയിടെയായി ഹൂതികള്‍ പതിവാക്കിയിരിക്കുകയാണ്. യെമനിലെ രാഷ്ട്രീയ അസ്ഥിരത ചൂഷണം ചെയ്തു കൊണ്ട് സഊദിക്ക് നേരേ ഇറാന്റെ സഹായത്തോടെ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളാണ് മേഖലയില്‍ സംഘര്‍ഷം പുകയാന്‍ വഴിവെക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹൂതികള്‍ സഊദിക്ക് നേരെ നിരന്തരം ആക്രമണം നടത്തുന്നുണ്ട്.

ഡ്രോണ്‍ ആക്രമണത്തെ തുര്‍ന്ന് റിഫൈനറിയില്‍ തീപ്പിടുത്തം ഉണ്ടായെങ്കിലും ഉടനെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു . ആക്രമണത്തില്‍ ജീവഹാനിയോ പരിക്കുകളോ ഉണ്ടായില്ല. അതേപോലെ, ആക്രമണം മൂലം റിഫൈനറിയുടെ പ്രവര്‍ത്തനം തസ്സപ്പെടുകയുണ്ടായില്ലെന്നും മന്ത്രാലയം വെളിപ്പെടുത്തി. റിഫൈനറിയില്‍ നിന്നുള്ള എണ്ണ വിതരണം സാധാരണ പോലെ തുടരുന്നതായും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ച കിഴക്കന്‍ മേഖലയിലെ രാസ്തനൂറാ റിഫൈനറി, ദഹ്‌റാനിലെ അരാംകോ താമസ സമുച്ചയം എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. ഇതിനെതിരെ ലോക രാഷ്ട്രങ്ങളും ആഗോള വേദികളും ഒറ്റക്കെട്ടായി നിലകൊള്ളുകയും ഭീകരരെയും അക്രമികളെയും അവരെ പിന്തുണക്കുന്നവരെയും ഒറ്റപ്പെടുത്തി പരാജയപ്പെടുത്താന്‍ ലോകം മുന്നോട്ടു വരണമെന്നും സഊദി ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

യെമനില്‍ നിയമാനുസൃതം അധികാരത്തില്‍ വന്ന ഭരണകൂടത്തെ അട്ടിമറിച്ചു കൊണ്ട് ഷിയാ അനുകൂല ഹൂഥികള്‍ ആണ് സായുധ കലാപത്തിന് വഴിമരുന്നിട്ടത്. ഇറാന്‍ നല്‍കുന്ന നിര്‍ലോഭ സഹായം ഈ ആക്രമണ നീക്കങ്ങളെ നിലനിര്‍ത്തുകയാണ്. ഇതിനെതിരെ സഊദിയുടെയും യു എ ഇ യുടെയും നേതൃത്വത്തില്‍ നിയമാനുസൃത സര്‍ക്കാരിനെ പുനഃപ്രതിഷ്ഠിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടരുകയാണ്. അതോടൊപ്പം, യു എന്‍ നടത്തുന്ന രാഷ്ട്രീയ പരിഹാരത്തിനുള്ള പൂര്‍ണ സമ്മതവും സഊദിയും അറബ് രാഷ്ട്രങ്ങളും വ്യക്തമാക്കിയതാണ്.