ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുന്ന നടപടി എസ്ബിഐ പുനഃപരിശോധിച്ചേക്കും. പിഴ ഇനത്തില്‍ എസ്ബിഐ വന്‍ ലാഭം കൊയ്തതായി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിവരം. അക്കൗണ്ടുകളില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക ആയിരം രൂപയാക്കി നിജപ്പെടുത്താനാണ് എസ്ബിഐ ആലോചിക്കുന്നത്. സേവിങ്‌സ് അക്കൗണ്ടുകളുടെ കാര്യത്തിലാകും ഇത് ബാധകമാവുക. നിലവില്‍ മെട്രോ നഗരങ്ങളില്‍ 3000 രൂപയും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണമേഖലകളില്‍ ആയിരം രൂപയുമാണ് മിനിമം ബാലന്‍സ് പരിധി.
ശരാശരി മിനിമം ബാലന്‍സ് ഇല്ലാത്തതിന് അക്കൗണ്ടുടമകളില്‍ നിന്ന് പിഴ ഈടാക്കുന്നതിനെത്തുടര്‍ന്നുള്ള വിമര്‍ശനവും കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള സമ്മര്‍ദ്ദവുമാണ് പുതിയ നീക്കത്തിനു പിന്നില്ലെന്നും ആക്ഷേപമുണ്ട്.
പിഴയിനത്തില്‍ 1771 കോടി രൂപയുടെ നേട്ടമാണ് എസ്ബിഐ ഉണ്ടാക്കിയത്. എസ്ബിഐയുടെ മൂന്നാംപാദത്തിലെ ലാഭത്തേക്കാള്‍ ഉയര്‍ന്നതാണിത്. 1356 കോടിയായിരുന്നു 2017 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ലാഭം. നിലവില്‍ 42 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണ് ബാങ്കിനുള്ളത്. ഇതില്‍ 13 കോടിയോളം അക്കൗണ്ടുകള്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ ഭാഗമായി ആരംഭിച്ച അടിസ്ഥാന സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണ്.