ഡല്‍ഹി: എസ്ബിഐ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് തടസ്സം നേരിടുന്നതായി പരാതി. എസ്ബിഐയുടെ യോനോ ആപ്പ് ഉപയോഗിക്കുമ്പോള്‍ ഇറര്‍ മെസേജ് ലഭിക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഇന്നലെ മുതല്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പരാതി ഉയരുന്നുണ്ടെങ്കിലും പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നാണ് ആരോപണം.

അഞ്ചിലേറെ തവണ ശ്രമിച്ചിട്ടും ഇടപാടുകള്‍ വിജയിച്ചില്ലെന്ന് പരാതിക്കാര്‍ പറയുന്നു. ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇത് പരിഹരിക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഉപഭോക്താക്കള്‍ പറഞ്ഞു. എസ്ബിഐ അക്കൗണ്ടുകളിലേക്ക് പണം അയക്കാനും ഇതേ പ്രശ്‌നം ഉണ്ടാകുന്നുണ്ടെന്നും പരാതിയുണ്ട്.

കഴിഞ്ഞ മാസം ബാങ്കിങ് പ്ലാറ്റ്‌ഫോം അപ്‌ഗ്രേഡ് ചെയ്യുകയാണെന്നും ഇതിനാല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഒരു ദിവസം ബുദ്ധിമുട്ട് ഉണ്ടാകുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ അപ്‌ഗ്രേഡിന് ശേഷവും ഇടയ്ക്കിടെ സാങ്കേതികപ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.