ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാര്‍ കോടതിയിലേക്ക്. റഫാല്‍ കരാറുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഈ മാസം 10ന് വാദം കേള്‍ക്കും.
റഫാല്‍ കരാര്‍ സംബന്ധിച്ച വിശദാംശങ്ങളും എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളുടെ കാലത്തെ കരാര്‍ തുക സംബന്ധിച്ച വിവരങ്ങളും സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ വിനീത് ദന്‍ദ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ കരാര്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി കഴിഞ്ഞ മാസം കോടതി മാറ്റി വെച്ചിരുന്നു.
രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ എം.എല്‍ ശര്‍മ കോടതിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്നും അതിനാല്‍ കരാര്‍ സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കേസില്‍ കോണ്‍ഗ്രസ് നേതാവ് തെഹ്സീ ന്‍ എസ് പൂനവാലയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.