തിരുവനന്തപുരം: മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ആലിംഗന വിവാദം ഒത്തുതീര്‍ന്നു. കുട്ടികളെ പരീക്ഷയെഴുതിക്കാമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് സമ്മതിച്ചു. ശശി തരൂര്‍ എം.പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ത്ഥിനിക്ക് ബുധനാഴ്ച സ്‌കൂളില്‍ പ്രവേശിക്കാം. ആണ്‍കുട്ടിക്ക് വ്യാഴാഴ്ച പരീക്ഷ എഴുതാനും അനുവാദം നല്‍കി. വിദ്യാര്‍ത്ഥികള്‍ ബാലാവകാശ കമ്മീഷന് നല്‍കിയ പരാതികള്‍ പിന്‍വലിക്കാനും തീരുമാനമായി.

മുക്കോല സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ആലിംഗന വിവാദം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെയാണ് മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് വഴങ്ങിയത്. വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരിക്കാന്‍ അനുവദിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. തുടര്‍പഠനത്തിനും അവസരമൊരുക്കും. ഹാജര്‍ സംബന്ധിച്ചു സി.ബി.എസ്.ഇ ബോര്‍ഡില്‍നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനു മുന്‍കൈയെടുക്കാമെന്നും മാനേജ്‌മെന്റ് സന്നദ്ധതയറിയിച്ചു. കോടതി നടപടികളുമായി മുന്നോട്ടു പോകരുതെന്നു കുട്ടികളുടെ രക്ഷിതാക്കളോട് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മൂന്നിന് നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടാകും.

കഴിഞ്ഞ ജൂലൈ 21ന് സ്‌കൂളില്‍ നടന്ന പാശ്ചാത്യസംഗീത മത്സരത്തില്‍ പെണ്‍കുട്ടി വിജയിച്ചതറിഞ്ഞ സുഹൃത്തായ ആണ്‍കുട്ടി ആലിംഗനം ചെയ്തതാണ് വിവാദമായത്. തുടര്‍ന്ന് രണ്ടു വിദ്യാര്‍ത്ഥിളെയും സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കുട്ടികളെ തിരിച്ചെടുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഇടക്കാല ഉത്തരവ് നല്‍കിയെങ്കിലും ഇതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഇതിനിടെ, കുട്ടികള്‍ക്കെതിരായ നടപടിക്കെതിരെ വിവിധ മേഖലളില്‍നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. രാജ്യാന്തരതലത്തില്‍ തന്നെ മാധ്യമങ്ങള്‍ ഇതു വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ബി.ബി.സിയും ഇതു സംബന്ധിച്ച വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധസമരവുമായി എത്തിയതോടെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മാനേജ്‌മെന്റ് തയാറാവുകയായിരുന്നു. തുടര്‍ന്ന് ശശി തരൂര്‍ എം.പിയുടെ മധ്യസ്ഥതയില്‍ യോഗം വിളിക്കുകയും ചെയ്തു.