Education

ഒരു ബെഞ്ചില്‍ ഒരു കുട്ടി, ക്ലാസില്‍ പരമാവധി പത്തു കുട്ടികള്‍; സ്‌കൂള്‍ തുറക്കാനുള്ള കരട് മാര്‍ഗരേഖയായി

By web desk 1

October 04, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. ഒന്നുമുതല്‍ നാല് വരെ ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം ഇരിക്കണം. പത്തു കുട്ടികളെയേ ഒരു ക്ലാസില്‍ പരമാവധി അനുവദിക്കൂ. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലത്തില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ക്കാണ് ഇരിക്കാനാവുക. ക്ലാസില്‍ 20 കുട്ടികളെയും അനുവദിക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പാണ് മാര്‍ഗരേഖ തയാറാക്കിയത്.

രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകള്‍ പരിഗണിച്ചാണ് കരട് തയാറാക്കിയത്. മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. അന്തിമ തീരുമാനം നാളെ വന്നേക്കും.

ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം ഉണ്ടായിരിക്കില്ല.