ചെന്നൈ: സ്റ്റൈല്‍മന്നന്‍ രജനികാന്തിന്റെ ഭാര്യ ലത നടത്തുന്ന സ്‌കൂള്‍ അടച്ചു പൂട്ടി. വാടക നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. ചെന്നൈയിലെ ആശ്രം മെട്രിക്കുലേഷന്‍ സ്‌കൂളാണ് ഉടമസ്ഥന്‍ അടച്ചു പൂട്ടിയത്. രണ്ടു കോടിയിലധികം രൂപ കുടിശ്ശിക നല്‍കാനുണ്ടെന്ന് ആരോപിച്ചാണ് സ്‌കൂളിന് താഴിട്ടത്. രാഘവേന്ദ്ര ഫൗണ്ടേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ 300ലധികം കുട്ടികളാണ് പഠിക്കുന്നത്. കെട്ടിടത്തിനു താഴിട്ടതോടെ മറ്റൊരു കാമ്പസിലേക്ക് താല്‍കാലികമായി സ്‌കൂള്‍ മാറ്റിയിട്ടുണ്ട്. എന്നാല്‍ പണം നല്‍കാനുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച സ്‌കൂള്‍ അധികൃതര്‍ ഭൂവുടമക്കെതിരെ മാനനഷ്ടത്തിനു കേസ് നല്‍കുമെന്ന് പറഞ്ഞു.