കണ്ണൂര്‍: കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. സയ്യിദ് സലാഹുദ്ദീന്‍ (30)ആണ് കൊല്ലപ്പെട്ടത്. ചിറ്റാരിപറമ്പ് ചുണ്ടയില്‍ വെച്ചാണ് സംഭവം.

സയ്യിദ് സലാഹുദ്ദീന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം ഇപ്പോള്‍ തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി.

എ.ബി.വി.പി നേതാവ് ശ്യാമപ്രസാദിനെ കൊന്ന കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍. ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു. ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയില്‍ എന്ന സ്ഥലത്ത് വച്ചാണ് സംഭവമുണ്ടായത്.

രണ്ടു സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നിലേക്ക് ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ സൈഡിലേക്ക് ഒതുക്കി നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ പിന്നിലൂടെ മറ്റൊരു ബൈക്കിലെത്തിയ സംഘം കഴുത്തിന് വെട്ടുകയായിരുന്നു. പിന്നീട് ഇരുസംഘങ്ങളും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും സഹാഹുദ്ദീന്‍ മരണപ്പെട്ടു.