News

സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം; ഒബിയെറ്റയുടെ ഇരട്ട ഗോളില്‍ മഞ്ഞപ്പട തിളങ്ങി

By webdesk18

November 03, 2025

പനജി: സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. സ്പാനിഷ് താരം കോള്‍ഡോ ഒബിയെറ്റയുടെ ഇരട്ട ഗോളിന്റെ മികവില്‍ സ്പോര്‍ട്ടിങ് ക്ലബ് ഡെല്‍ഹിയെ മൂന്ന് ഗോളിന് മഞ്ഞപ്പട തകര്‍ത്തു.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകളും നേടിയത്. 17-ആം, 22-ആം മിനിറ്റുകളില്‍ ഒബിയെറ്റയുടെ ഗോളുകളും, 34-ആം മിനിറ്റില്‍ കോറോ സിങ്ങിന്റെ ഗോളുമാണ് ടീമിന് വിജയം ഉറപ്പാക്കിയത്. രാജസ്ഥാന്‍ യുണൈറ്റഡ് എഫ്.സിക്കെതിരായ ആദ്യ മത്സരത്തിലും ഒബിയെറ്റ ഗോള്‍ നേടിയിരുന്നു.

മത്സരമൊട്ടാകെ ബ്ലാസ്റ്റേഴ്സ് പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ ഒരു ഗോളിന് തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സ്, ഈ വിജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പ് പട്ടികയില്‍ ഒന്നാമതെത്തി. ഒരു ജയം നേടിയ മുംബൈ സിറ്റി എഫ്.സി മൂന്നു പോയിന്റുമായി രണ്ടാമതും.

രാത്രി രാജസ്ഥാനെ നേരിടുന്ന മുംബൈ വിജയം നേടി ആറു പോയിന്റ് സ്വന്തമാക്കിയാല്‍, ഗ്രൂപ്പിലെ അവസാന മത്സരം ബ്ലാസ്റ്റേഴ്സിനും മുംബൈക്കും ഒരുപോലെ നിര്‍ണായകമാകും. ജയിക്കുന്ന ടീം സെമിയില്‍ പ്രവേശിക്കും.