തിരുവനന്തപുരം: മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. എന്നാല്‍ വിശദീകരണത്തില്‍ കൂടുതല്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് സെന്‍കുമാര്‍ നടത്തിയിരിക്കുന്നത്. സമകാലിക മലയാളം വാരികയില്‍ വന്ന അഭിമുഖത്തില്‍ താന്‍ ആര്‍ക്കെതിരേയും ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു.

ആര്‍ക്കെതിരേയും ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. പലരോടും ഫോണില്‍ സംസാരിച്ചത് വാര്‍ത്തയാക്കുകയായിരുന്നുവെന്ന് വിവാദ പരാമര്‍ശത്തില്‍ സെന്‍കുമാര്‍ പറയുന്നു. ആര്‍ക്കെതിരേയും ദുഷിച്ച രീതിയില്‍ പരാമര്‍ശം നടത്തിയിട്ടില്ല. ഓരോ മതത്തിലേയും തീവ്രവാദം അതാത് മതത്തിലുള്ളവര്‍ നിയന്ത്രിക്കണം. എന്തൊക്കെയാണെങ്കിലും ആര്‍.എസ്.എസ് ഇന്ത്യക്ക് അകത്തുള്ള സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തില്‍ വിശദീകരണം നല്‍കിയ സെന്‍കുമാര്‍ ലൗജിഹാദ് വിഷയത്തിലും പരാമര്‍ശം നടത്തി. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ല. പ്രണയിക്കുന്നത് ഒരാളെ വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യമുണ്ട്. അഫ്ഗാനിസ്ഥാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളേയും വിവാഹം കഴിച്ചത് മറ്റൊരാളേയുമാണ്. സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പ്രചാരണത്തോട് തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

വാരികയില്‍ വന്ന അഭിമുഖത്തില്‍ നടത്തിയ മുസ്‌ലിം വിരുദ്ധപരാമര്‍ശത്തിന് വിവിധ മേഖലകളിലുള്ളവര്‍ പ്രതിഷേധവുമായെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അഭിമുഖം പുറത്തിറങ്ങിയത്. കേരളത്തില്‍ 100 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42പേര്‍ മുസ്‌ലിം കുട്ടികളാണെന്നായിരുന്നു ഒരു പരാമര്‍ശം. ഇങ്ങനെ പോയാല്‍ കേരളത്തിന്റെ സ്ഥിതിയെന്താകുമെന്നും ഐ.എസിനേയും ആര്‍.എസ്.എസിനേയും താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നുമായിരുന്നു മറ്റൊരു വിവാദ പരാമര്‍ശം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്നാണ് അദ്ദേഹം പരാമര്‍ശത്തില്‍ വിശദീകരണം നടത്തുന്നത്.