കോഴിക്കോട്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുന്നു. പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് രണ്ടുദിവസം മുമ്പേ വിമാനത്താവളത്തിന്റെ അനുമതി വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്.

ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കുന്നതാണ് ഉത്തരവോടെ വെട്ടിലായിരിക്കുന്നത്. ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാന്‍ ഇപ്പോള്‍ അനാവശ്യകാലതാമസമാണ് നേരിടുന്നത്. ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം.

അതേസമയം, പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു. കരിപ്പൂരില്‍ ഹെല്‍ത്ത് സര്‍വ്വീസ് തുടങ്ങിയപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന മാര്‍ഗരേഖ എല്ലാ എയര്‍ലൈനുകള്‍ക്കും നല്‍കുകയാണ് ചെയ്തത്. 48മണിക്കൂര്‍ മുമ്പ് വിവരം അറിയിക്കണമെന്നത് രാജ്യാന്തര ആരോഗ്യമാനദണ്ഡമാണ്. മൃതദേഹങ്ങള്‍ കയറ്റിവിടാന്‍ ഇത്രയും സമയം വേണമെന്നല്ല അതിനര്‍ത്ഥം. എംബസിയില്‍ നിന്ന് നിരാക്ഷേപ പത്രം കിട്ടിയാല്‍ ഏതുസമയത്തും അനുമതി ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.