കൊല്ലം: കള്ളനോട്ടടിയുടെ പേരില്‍ ഇന്നലെ അറസ്റ്റിലായ സീരിയല്‍ നടി സൂര്യയുടെയും കുടുംബത്തിന്റെയും നീക്കങ്ങള്‍ ദുരൂഹം. കൊല്ലം മുളങ്കാടകത്തെ ആഢംബര വീട്ടില്‍ കഴിയുന്ന നടിയും കുടുംബവും സമീപപ്രദേശവുമായി യാതൊരു ബന്ധവുമില്ല. മനയില്‍കുളങ്ങര വനിത ഐ.ടി.ഐക്കു സമീപത്തെ ഈ വീടിന്റെ മുകള്‍ നില കള്ളനോട്ടടി കേന്ദ്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ആറു മാസം മുമ്പ് വീട് മറ്റൊരാള്‍ക്കു വിറ്റെങ്കിലും നടിയുടെ കുടുംബം ഇവിടെ തന്നെ താമസിക്കുകയായിരുന്നു. സീരിയല്‍ നടിയായ മകള്‍ സൂര്യക്കൊപ്പം അമ്മ രമാദേവിയും സഹോദരി ശ്രൂതിയും താമസിക്കുന്നുവെന്നാണ് പ്രദേശവാസികള്‍ കരുതിയിരുന്നത്. വീടിന്റെ പൊക്കത്തിനനുസരിച്ച് ചുമരും ചുമരല്‍ ചെടികളും അകംകാഴ്ച മറച്ചിരുന്നതിനാല്‍ ഉള്ളില്‍ നടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

ഏറെ നാളായി ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകീട്ടോടെ വിളക്ക് തെളിച്ചിരുന്നതോടെ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ പൊലീസെത്തി പരിശോധന നടത്തിയതില്‍ നിന്നാണ് കള്ള നോട്ടടി വെളിച്ചത്തു വന്നത്. ആറുമാസമായി ഈ വീട്ടില്‍ കള്ളനോട്ട് അച്ചടിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

57 ലക്ഷത്തിന്റെ അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നോട്ടുകളും ഇത് അച്ചടിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രം, കമ്പ്യൂട്ടര്‍, പ്രിന്റര്‍ മഷി, റിസര്‍വ് ബാങ്കിന്റെ വ്യാജ സീല്‍ തുടങ്ങിയവയും വീട്ടില്‍ നിന്ന് കണ്ടെത്തി. പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ച പരിശോധന രാവിലെ പത്തു മണിയോടെയാണ് അവസാനിച്ചത്.

ഇടുക്കിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് വീട്ടില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് നടിയെയും അമ്മയെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് ഞായറാഴ്ച പൊലീസ് മൂന്നു പേരില്‍ നിന്ന് 2.19 ലക്ഷം രൂപയുടെ കള്ള നോട്ട് പിടിച്ചെടുത്തിരുന്നു. ഇവരെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നടിയും കുടുംബവും പിടിയിലായത്.

നോട്ടിടക്കായി അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ആന്ധ്രയില്‍ നിന്ന് വരുത്തിച്ച യന്ത്രം കൂടുതല്‍ മെച്ചപ്പെടുത്തിയാണ് കള്ളനോട്ട് അച്ചടിക്കാനായി ഉപയോഗിച്ചത്. നോട്ടടിക്ക് ഹൈദരാബാദില്‍ നിന്ന് ഗുണമേന്മയേറിയ പേപ്പറും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുവന്നിരുന്നു. വാട്ടര്‍മാര്‍ക്കിനും ആര്‍.ബി.ഐ മുദ്ര രേഖപ്പെടുത്താനുമുള്ള യന്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. നിര്‍മിച്ച കള്ളനോട്ടുകള്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമാണ് തിരിച്ചറിയാനാവുക.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പത്തിലധികം പേര്‍ നിരീക്ഷണത്തിലാണെന്നും ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.