ഇസ്‌ലാമാബാദ്: നിയന്ത്രണ രേഖയില്‍ ഞായറാഴ്ച രാത്രി ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍. ഇതുവഴി നിയന്ത്രണ രേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഐ.എസ്.പി.ആര്‍(ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍)ന്റെ പ്രസ്താവനയില്‍ പാക് സൈന്യം ആരോപിച്ചു.

കഴിഞ്ഞ രാത്രി ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖക്ക് സമീപം ഭീമ്പര്‍ സെക്ടറില്‍ നടത്തിയ വെടിവെപ്പില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പാക് സൈനിക മാധ്യമ വിങായ ഐ.എസ്.പി.ആറിന്റെ പ്രസ്താവനയില്‍ പറയുന്നത്.

ഒരു പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ വെടിവെയ്പിനെതിരെ പാകിസ്താന്‍ തിരിച്ചടിച്ചെതായും പാക് വെടിവെപ്പില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

അതിനിടെ, ഇന്ത്യന്‍ സൈന്യം പ്രകോപനമില്ലാതെ നടത്തിയ തുടര്‍ച്ചയായ അക്രമത്തില്‍ പ്രതികരിച്ച് പാക് വിദേശകാര്യ മന്ത്രാലയം വ്യക്താവ് നഫീസ് സകറിയ ട്വീറ്റ് ചെയ്തു.

നേരത്തെ നവംബര്‍ 7 ന് പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാകിസ്താന്‍ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം, പാകിസ്താന്റെ നിരന്തരമായ വെടിനിര്‍ത്തല്‍ ലംഘനത്തെത്തുടര്‍ന്ന് അതിര്‍ത്തിയിലെ നൂറുകണക്കിന് ഗ്രാമവാസികളെ ഇന്ത്യ ഒഴിപ്പിച്ചിട്ടുള്ളത്. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാകിസ്താന്‍ 100 ല്‍ അധികം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് നടത്തിയിട്ടുള്ളത്.