kerala

കടുത്ത സാമ്പത്തിക പ്രതിസന്ധി: ഓണക്കാല ചെലവുകൾക്കായി 3000 കോടി കടമെടുക്കാൻ സർക്കാർ

By webdesk13

August 27, 2024

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഓണക്കാല ചെലവുകള്‍ക്കായി കടമെടുക്കാന്‍ സര്‍ക്കാര്‍. 3000 കോടി കടമെടുക്കാന്‍ ആണ് ആലോചന. കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഡിസംബര്‍ വരെ കടമെടുക്കാന്‍ ശേഷിക്കുന്നത് 3700 കോടിയാണ്.

കഴിഞ്ഞവര്‍ഷം നേരിട്ട അതേ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന കടന്നു പോകുന്നത്. അതിനാലാണ് കൂടുതല്‍ തുക കടമെടുക്കേണ്ട സാഹചര്യത്തിലേക്ക് സംസ്ഥാനം നീങ്ങിയിരിക്കുന്നത്. ഉത്സവബത്ത, അഡ്വാന്‍സ് എന്നിവ നല്‍കാന്‍ 700 കോടിയോളം രൂപ വേണ്ടി വരും. ഓണക്കാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശ്ശിക കൊടുത്ത് തീര്‍ക്കണമെങ്കില്‍ ഒരു ഗഡു അനുവദിക്കാന്‍ തന്നെ 1800 കോടി രൂപ വേണ്ടി വരും. സപ്ലൈകോയ്ക്ക് 225 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ തുക സപ്ലൈകോ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 3000 കോടി കൂടെ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് കേന്ദ്രത്തോട് കേരളം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അനുകൂലമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല. കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കുറയുന്നതും കൂടുന്നതും. കേന്ദ്രം കടമെടുക്കാന്‍ അനുവദിക്കുകയാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കി മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്.