കോഴിക്കോട്: പനങ്ങാട് കൃഷിഭവന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീലചിത്രം പോസ്റ്റ് ചെയ്ത സി.പി.എം ഏരിയ സെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയിലിനെതിരെ പൊലീസ് കേസെടുക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 11ന് പനങ്ങാട് കൃഷിഭവനിലേക്ക് മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീകളടക്കം 200 കര്‍ഷകര്‍ അംഗങ്ങളായ കൃഷിഭവന്റെ ഔദ്യോഗിക വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് താമരശ്ശേരി താലൂക്ക് കാര്‍ഷിക വികസന ബാങ്കിന്റെ വൈസ് പ്രസിഡണ്ട്് കൂടിയായ ഇസ്മയില്‍ അശ്ലീലചിത്രം പോസ്റ്റ് ചെയ്തത്.

ഗ്രൂപ്പ് അഡ്മിന്‍മാരായ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഒരു നടപടിയും സ്വീകരിക്കാതെ പരാതി പറഞ്ഞ ഗ്രൂപ്പ് അംഗങ്ങളെ റിമൂവ് ചെയ്യുകയാണുണ്ടായത്. ഇസ്മയിലിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവാത്ത കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബാലുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഉന്നത രാഷ്ട്രീയനേതാവ് എന്നതിനാല്‍ ഇസ്മായിലിനെ സംരക്ഷിക്കുകയാണെന്ന്് ്ഡി.സി.സി ജന.സെക്രട്ടറിമാരായ നിജേഷ് അരവിന്ദ്, എ.കെ അബ്ദുസമദ് എന്നിവര്‍ കുറ്റപ്പെടുത്തി. ബാലുശ്ശേരി പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ല. ഗ്രൂപ്പിന്റെ അഡ്മിന്‍മാരിലൊരാളായ അരുണ്‍ എന്ന ഉദ്യോഗസ്ഥന്‍ മറ്റ് അംഗങ്ങളെ ഡീലിറ്റ് ചെയ്ത് കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടി സ്വീകരിക്കുന്നതിന് പകരം നിസ്സാരവല്‍ക്കരിക്കുകയാണ് പൊലീസ് ചെയ്യുന്നത്. രാഷ്ട്രീയ ധാര്‍മികതയും ലിംഗസമത്വവും പ്രസംഗിക്കുന്ന സി.പി.എം നേതൃത്വം ഇക്കാര്യത്തില്‍ അറിയാത്ത ഭാവം നടിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ പരീത് ആര്‍. ഷഹിന്‍, വൈശാഖ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.