താനൂര്‍: സംസ്ഥാനത്തുടനീളം കാമ്പസുകളില്‍ എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം താനൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിനെതിരെയും പിണറായി രൂക്ഷ വിമര്‍ശനമുന്നയിച്ചു.
കാമ്പസുകളില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ എസ്എഫ്‌ഐയെ ഒറ്റപ്പെടുത്തുകയാണ്. എബിവിപിയും കെഎസ്‌യുവും പിന്നെ ചിലരും തമ്മില്‍ പുതിയ കൂട്ടുക്കെട്ട് രൂപപ്പെട്ടു വരുന്നുണ്ടെന്നും പ്രത്യക്ഷത്തില്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കാത്ത ഒന്നാണ്.
ഏതു വിദ്യാര്‍ത്ഥി അവകാശത്തിന്റെ പേരിലാണ് അങ്ങനെയൊരു കൂട്ടുക്കെട്ട് വരുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. താനൂരില്‍ സമാധാനത്തിനുള്ള ശ്രമങ്ങളില്‍ എല്ലാവരും സഹകരിക്കേണ്ടതുണ്ട്. വര്‍ഗീയ കലാപമുണ്ടാക്കി ശക്തി തെളിയിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരള വര്‍മ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളില്‍ ഇന്നലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.