ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് പത്മകുമാര്‍ നടത്തിയ പരാമര്‍ശനങ്ങള്‍ക്കെതിരെ ചുട്ട മറുപടിയുമായി മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ. പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണ് ഷാഹിന നഫീസയെ പോലുള്ളരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ എന്നയാരുന്നു പത്മകുമാര്‍ മനോരമ ന്യൂസിന്റെ സന്ധ്യാ ചര്‍ച്ചയില്‍ പറഞ്ഞത്ഇതിനെതിരെയുള്ള ഷാഹിനയുടെ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.

പോസ്റ്റ ഇവിടെ വായിക്കാം.
ഇന്നലെ മനോരമ ചാനലില്‍ ബി ജെ പി യുടെ ജെ ആര്‍ പദ്മകുമാര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ അദ്ദേഹം എന്നെ കുറിച്ച് ഒരു പരാമര്‍ശം നടത്തിയിരുന്നു . ഗൗരി ലങ്കേഷ് തന്നെ വിഷയം .അദ്ദേഹം ചര്‍ച്ച തുടങ്ങുന്നത് തന്നെ എനിക്കെതിരായ ആക്രമണം അഴിച്ചു വിട്ടുകൊണ്ടാണ് . മാധ്യമപ്രവര്‍ത്തകര്‍ക്ക് അജണ്ടയുണ്ടത്രേ .അതിന് അദ്ദേഹം ഉദാഹരിക്കുന്നത് എന്നെയാണ് .പക്ഷേ പറയുന്നത് പച്ചകള്ളമാണെന്ന് മാത്രം . മാധ്യമ പ്രവര്‍ത്തകരുടെ സംഘ് വിരുദ്ധ അജണ്ടയെക്കുറിച്ചു പദ്മകുമാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ് .
‘…..ഉദാഹരണത്തിന് കേരളത്തിലെ അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തക ,ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായിരുന്ന ഷാഹിന നഫീസ ,അവര്‍ ഇട്ടിരിക്കുന്ന പോസ്റ്റ് നോക്കൂ , വളരെ മോശമായ ഭാഷയില്‍ ,ഒരു പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത രീതിയിലാണ് ആ പോസ്റ്റ് ,ഇത് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അംഗീകരിക്കുന്നുണ്ടോ …’? ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിലവിളി .വേണമെങ്കില്‍ ഫോണെടുത്തു പദ്മകുമാറിനെ വിളിച്ചു എനിക്ക് ചോദിക്കാം ഏതു പോസ്റ്റിനെ കുറിച്ചാണ് ഈ പറയുന്നത് എന്ന് . പക്ഷേ അയാള്‍ ആക്ഷേപമുന്നയിച്ചത് പരസ്യവേദിയിലായതിനാല്‍ മറുപടിയും പരസ്യമായി തന്നെ മതി .
മിസ്റ്റര്‍ പദ്മകുമാര്‍ , പരിഷ്‌കൃത സമൂഹത്തെക്കുറിച്ചൊക്കെ വലിയ ഉല്‍ക്കണ്ഠയുള്ള ആളാണ് താങ്കളും താങ്കളുടെ പാര്‍ട്ടിയും എന്നറിഞ്ഞതില്‍ സന്തോഷം . പക്ഷേ ഞാനിട്ടു എന്ന് താങ്കള്‍ പറയുന്ന ആ പോസ്റ്റ് ഏതാണെന്നു വ്യക്തമാക്കാനുള്ള ഒരു ബാധ്യത കൂടി താങ്കള്‍ക്കുണ്ട് . പച്ചക്കള്ളങ്ങള്‍ ചമക്കുകയും പിന്നീട് അത് പ്രചരിപ്പിക്കുകയും ക്രമേണ അത് സത്യമാണെന്ന തോന്നല്‍ പൊതു സമൂഹത്തിലുളവാക്കുകയും ചെയ്യുന്ന ഗീബല്‍സിയന്‍ രീതിയാണ് താങ്കളും താങ്കളുടെ സംഘടനയും കാലാകാലങ്ങളായി പിന്തുടരുന്നതെന്ന് അറിയാഞ്ഞിട്ടല്ല ചോദിക്കുന്നത് . ചോദിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ എന്ന് കരുതി ചോദിച്ചു എന്ന് മാത്രം . സംഘപരിവാറിനെ വിമര്‍ശിക്കാന്‍ ‘പരിഷ്‌കൃത സമൂഹത്തിന് ‘ ബോധ്യപ്പെടുന്ന നിരവധി കാരണങ്ങള്‍ ഉണ്ടെന്നിരിക്കെ അങ്ങനെയല്ലാത്ത ഒരു പോസ്റ്റ് ഇടേണ്ട ആവശ്യം എന്താണ് ? ചാനലുകളില്‍ വന്നിരുന്ന് ഇത്തരത്തില്‍ പച്ചക്കള്ളങ്ങള്‍ വിളിച്ചു പറഞ്ഞു എത്രനാള്‍ കാലം കഴിക്കാമെന്നാണ് താങ്കള്‍ കരുതുന്നത് ?
എന്തായാലും താങ്കള്‍ പറഞ്ഞ രീതിയിലുള്ള ഒരു പോസ്റ്റ് ഇടാന്‍ കഴിയാതെ പോയതിലാണ് എനിക്കിപ്പോള്‍ ഖേദം .ഗൗരി ലങ്കേഷിന്റെ അരുംകൊല എനിക്കുണ്ടാക്കിയ വ്യക്തിപരമായ ആഘാതത്തില്‍ നിന്ന് ഇത് വരെയും പുറത്തു കടക്കാന്‍ കഴിയാത്തതു കൊണ്ടാണ് അതിനു പറ്റാതിരുന്നത് . സംഘ് പരിവാറിനെതിരെ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കുറിച്ച് പറയുമ്പോള്‍ താങ്കളുടെ ലിസ്റ്റിലെ ഒന്നാമത്തെ പേര് എന്റേതാണ് എന്നറിയുന്നതില്‍ അഭിമാനമുണ്ട് . താങ്കളുടെ നേതാവ് നരേന്ദ്രമോദിയെ വേദിയിലിരുത്തി ഇന്ത്യന്‍ എക്‌സ്പ്രസ്സ് എഡിറ്റര്‍ രാജ് കമല്‍ഝാ പറഞ്ഞത് ഞാന്‍ ഒന്നോര്‍മിപ്പിക്കട്ടെ (നിങ്ങളൊന്നും ഒരിക്കലും അത് മറക്കാനിടയില്ലെന്നറിയാം , എങ്കിലും ). സംഘ് പരിവാറിന്റെ ശത്രുവായിരിക്കുക എന്നത് ഒരു ബാഡ്ജ് ഓഫ്ഓണര്‍ ആണ് . എനിക്കും അത് അങ്ങനെ തന്നെയാണ് . താങ്കള്‍ എനിക്കെതിരെ ഉന്നയിച്ച വിമര്‍ശനം ഞാന്‍ ബാഡ്ജ് ഓഫ് ഓണര്‍ ആയി തന്നെ എടുക്കുന്നു . എന്നേക്കാള്‍ ശക്തമായി സംഘ്പരിവാര്‍ വിമര്‍ശനം ഉയര്‍ത്തുന്ന ധാരാളം പേര്‍ കേരളത്തിലുണ്ടെങ്കിലും ഷാഹിന നഫീസ എന്ന പേര് മാത്രം താങ്കള്‍ക്കിത്രയേറെ അസഹിഷ്ണുത ഉണ്ടാക്കുന്നതെന്തു കൊണ്ടാണെന്ന് എനിക്ക് മനസ്സിലാവും . എല്ലാവര്‍ക്കും മനസ്സിലാവും .
ഈ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പയറ്റുന്നതിന്റെ പിറകില്‍ താങ്കള്‍ക്ക് മറ്റു അജണ്ടകള്‍ ഉണ്ടാവും എന്നും ഞാന്‍ കരുതുന്നു . അവസാനിപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്കെതിരെ കള്ളങ്ങള്‍ പ്രചരിപ്പിച്ചു ,ഹേറ്റ് ക്യാംപയിന്‍ നടത്തി അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നതാണല്ലോ നിങ്ങളുടെ രീതി . നിങ്ങള്‍ കൊന്നു തള്ളിയവരുടെയൊക്കെ കാര്യത്തില്‍ അത് തന്നെയാണല്ലോ നിങ്ങള്‍ ചെയ്തിട്ടുള്ളത് .
പക്ഷേ മിസ്റ്റര്‍ പദ്മകുമാര്‍ , ഒന്ന് പറഞ്ഞോട്ടെ , പേടിപ്പിച്ചു കളയാം എന്ന് ധരിക്കരുത് . ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചത് വഴി ,നിങ്ങള്‍ക്കെതിരെ സംസാരിക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും നിശ്ശബ്ദരാക്കിക്കളയാം എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി . സംസാരിച്ചു കൊണ്ടേയിരിക്കും . നിങ്ങള്‍ പറഞ്ഞത് പോലെ ,’ അതിരൂക്ഷമായ’ ഭാഷയില്‍ തന്നെ . വാക്കുകളും ആശയങ്ങളുമാണ് നിങ്ങളെയൊക്കെ ഏറ്റവും വിറളി പിടിപ്പിക്കുന്നത് എന്നറിയാം . ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചു എന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ് . അവര്‍ ഇത് വരെ ,കന്നഡയിലെഴുതുകയും കര്‍ണാടകത്തില്‍ ജീവിക്കുകയും ചെയ്ത ഒരാളായിരുന്നുവെങ്കില്‍ ഇപ്പോള്‍ അവര്‍ രാജ്യം മുഴുവന്‍ പടര്‍ന്നു പിടിച്ച ഒരു വലിയ പ്രസ്ഥാനമായി മാറിയിരിക്കുന്നു . ഇന്ത്യയിലെ മുഴുവന്‍ ഭാഷകളിലും ഗൗരി ലങ്കേഷ് ഇപ്പോള്‍ എഴുതി കൊണ്ടിരിക്കുകയാണ് . ഇന്ത്യയിലെ തെരുവുകളില്‍ മുഴുവന്‍ അവരുടെ ശബ്ദം മുഴങ്ങുകയാണ് . മണ്ടത്തരമായിപ്പോയി എന്ന് തോന്നുന്നില്ലേ മിസ്റ്റര്‍ പദ്മകുമാര്‍ ? ഇല്ലെങ്കില്‍ താമസിയാതെ താങ്കള്‍ക്ക് അത് ബോധ്യപ്പെടും .
നന്ദിയുണ്ട് മിസ്റ്റര്‍ പദ്മകുമാര്‍ , ഒരു പ്രിയസുഹൃത്തിന്റെ ,സഖാവിന്റെ രക്തസാക്തിത്വം ഉണ്ടാക്കിയ നടുക്കത്തില്‍ ,വേദനയില്‍ മരവിച്ചു പോയ എന്നെ ആ മരവിപ്പില്‍ നിന്നും ഉണര്‍ത്തിയതിന് . ഗൗരി ലങ്കേഷിനെ കുറിച്ച് എഴുതാമോയെന്നു പല സുഹൃത്തുക്കളും ചോദിച്ചെങ്കിലും ഒന്നിനും കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാന്‍ . ഇപ്പോള്‍ ഇത്രയുമെങ്കിലും എഴുതാന്‍ എന്നെ പ്രാപ്തയാക്കിയത് താങ്കളാണ് . നന്ദി