ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂര്‍ പുതിയ പുസ്തകം പ്രഖ്യാപിച്ചു. ദ ബാറ്റില്‍ ഓഫ് ബിലോങിങ്ങ് എന്നാണ് പുസ്തകത്തിന്റെ പേര്. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വാര്‍ത്ത അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.

‘അടുത്ത മാസത്തോടെ എന്റെ പുതിയ പുസ്തകം പുറത്തിറങ്ങും. ലോകത്തുടനീളം, വിശിഷ്യാ ഇന്ത്യയില്‍ ദേശീയതയുടെ ആശയം, പരിവര്‍ത്തനം, അനുഷ്ഠാനം എന്നിവയെ കുറിച്ചുള്ള പുസ്തകമാണിത്. നന്നായി ഗവേഷണം ചെയ്ത് ഉത്കടമായ അഭിനിവേഷത്തില്‍ എഴുതിയതാണ്’- തരൂര്‍ കുറിച്ചു.

ഹിന്ദുയിസത്തിന്റെ ചരിത്രത്തെ കുറിച്ച് പറയുന്ന 2018ല്‍ പുറത്തിറങ്ങിയ വൈ അയാം എ ഹിന്ദു എന്ന പുസ്തകത്തിന്റെ മറ്റൊരു ചരിത്ര വായനയാകും പുതിയ പുസ്തകം എന്നു പ്രതീക്ഷിക്കപ്പെടുന്നു.

ആമസോണാണ് പ്രസാധനം. പ്രീ ബുക്കിങ് ആരംഭിച്ചു. ഇംഗ്ലീഷില്‍ 19 പുസ്തകങ്ങളുടെ കര്‍ത്താവാണ് തരൂര്‍. അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകളാണ്.