കോഴിക്കോട്: ഭീതിത സാഹചര്യമുണ്ടാക്കിയ നിപ്പ വൈറസ് ബാധക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയ ബാധയും. പുതുപ്പാടിയില്‍ ഷിഗെല്ല ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷദിന്റെ മകന്‍ രണ്ടുവയസുകാരന്‍ സിയാദാണ് മരിച്ചത്. സിയാദിന്റെ ഇരട്ട സഹോദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


വയറിളക്കബാധയെത്തുടര്‍ന്ന് 18ന് കൈതപ്പൊയിലിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാവാത്തതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടിക്ക് ഷിഗെല്ലാ ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം കേരളത്തില്‍ ഇതുവരെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്ട് രണ്ടു പേര്‍ക്കും തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.