താമരശ്ശേരി: രണ്ടു വയസ്സുകാരന്റെ മരണം ഷിഗെല്ല ബാധിച്ചല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സ്ഥിരീകരണം. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇരട്ടകുട്ടികളില്‍ ഒരാളാണ് ഇന്നലെ മരിച്ചത്.
അടിവാരം തലക്കുന്നില്‍ തേക്കില്‍ ടി.കെ അര്‍ഷാദിന്റെയും ഖമറുന്നിസയുടെയും മകന്‍ സിയാന്‍ (രണ്ട്) തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്. ഇരട്ട സഹോദരന്‍ സയാന്‍ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ തീവ്രപരിചരണത്തിലാണ്. കടുത്ത വയറിളക്ക ബാധയെ തുടര്‍ന്ന് കഴിഞ്ഞ 18നാണ് ഇരട്ടകുട്ടികള്‍ പുതുപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സരംക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഷിഗെല്ല രോഗമാണെന്ന സംശയത്തെ തുടര്‍ന്ന് സാമ്പിള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനക്കയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. നിര്‍ജ്ജലീകരണം മൂലമാണ് മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. സഹോദരി-തന്‍ഹ.