തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തി. പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍, എസ്.ഐ ടി.അജിത്കുമാര്‍, സിഐ ഇ.കെ സാബു, എസി ടി.കെ ഹരിദാസ് എന്നിവരായിരുന്നു പ്രതികള്‍. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. നാല് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തുമെന്നും കോടതി പറഞ്ഞു. കേസിലെ മൂന്നാം പ്രതി സോമന്‍ വിചാരണവേളയില്‍ മരണമടഞ്ഞിരുന്നു.

2005 സെപ്റ്റംബര്‍ 27ന് ഉച്ചക്ക് 1.30നാണ് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഇ.കെ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇതിന് ശേഷം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തുകയായിരുന്നു.