ഭോപ്പാല്‍: ലൗ ജിഹാദിന്റെ പേരില്‍ ഭീഷണിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ആരെങ്കിലും മതപരിവര്‍ത്തനം ആസൂത്രണം ചെയ്യുകയോ അതുപോലെ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അവര്‍ നശിപ്പിക്കപ്പെടുമെന്ന് ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

‘സര്‍ക്കാര്‍ എല്ലാവര്‍ക്കുമുള്ളതാണ്, എല്ലാ മതങ്ങള്‍ക്കും ജാതികള്‍ക്കും. ഒരു വിവേചനവുമില്ല. പക്ഷേ ആരെങ്കിലും ഞങ്ങളുടെ പെണ്‍മക്കളോട് വെറുപ്പുളവാക്കുന്ന എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ നിങ്ങളെ തകര്‍ക്കും’, ചൗഹാന്‍ പറഞ്ഞു. മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള വിവാഹങ്ങള്‍ നിരോധിക്കാന്‍ ഓര്‍ഡിനന്‍സ് പാസാക്കാന്‍ സംസ്ഥാനം ഒരുങ്ങുന്നതിനിടെയാണ് ചൗഹാന്റെ പരാമര്‍ശം.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ചുവടുപിടിച്ച് മധ്യപ്രദേശും വിവാഹത്തിനുവേണ്ടിയുള്ള മതംമാറ്റത്തിനെതിരായ നിയമം കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഓര്‍ഡിനന്‍സ് അനുസരിച്ച്, ബലപ്രയോഗം, വഞ്ചന, പ്രലോഭനം അല്ലെങ്കില്‍ പ്രേരണ എന്നിവയിലൂടെ വിവാഹത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മിശ്ര വ്യക്തമാക്കിയിരുന്നു.