ന്യൂഡല്‍ഹി: ഗവര്‍ണര്‍ പി.സദാശിവത്തിനെതിരെ വീണ്ടും ബിജെപി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ പദവി ഉപേക്ഷിച്ച് ഗവര്‍ണര്‍ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പദവിയോട് മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടാവണം. കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. ഗവര്‍ണര്‍ അനങ്ങാപ്പാറ നയം അവസാനിപ്പിച്ച് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ രംഗത്തു വന്നിരുന്നു. രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ സൈനികര്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ഇടപ്പെടണമെന്ന ആവശ്യവും ബിജെപി ഉന്നയിച്ചിട്ടുണ്ട്. ബിജെപി എം.എല്‍.എ ഒ. രാജഗോപാല്‍ രാജ്ഭവനിലെത്തി ഇക്കാര്യം ഗവര്‍ണര്‍ക്കു മുമ്പാകെ ഉന്നയിച്ചിരുന്നു.