ലഖ്‌നൗ: യുപി സംഭാല്‍ ജില്ലയിലെ ആശുപത്രിയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കടിച്ചുവലിച്ച് തെരുവുനായ്. റോഡ് അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ പൊതിഞ്ഞുവച്ച മൃതദേഹമാണ് തെരുവു നായ് കടിച്ചു വലിച്ചത്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ീഡിയോ പ്രതിപക്ഷ കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

വെള്ളത്തുണിയില്‍ പൊതിഞ്ഞ് ആശുപത്രി വരാന്തയില്‍ സ്ട്രക്ചറില്‍ കിടത്തിയ മൃതദേഹത്തിലാണ് തെരുവുനായ് കടിച്ചുവലിക്കുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ പ്രശ്‌നമുണ്ടെന്ന് അധികൃതരും സമ്മതിച്ചു.

‘ഒന്നര മണിക്കൂര്‍ നേരം മൃതദേഹം അവിടെ കിടക്കുകയായിരുന്നു. ഇത് ആശുപത്രിയുടെ നിസ്സംഗതയാണ്’ – പെണ്‍കുട്ടിയുടെ പിതാവ് ചരണ്‍ സിങ് വാര്‍ത്താ ഏജന്‍സി എന്‍ഐഎയോട് പറഞ്ഞു.

ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ശല്യമുണ്ടെന്ന് അറിയിച്ച് തദ്ദേശ സ്ഥാപനത്തിന് കത്തെഴുതിയിരുന്നതായും എന്നാല്‍ അവര്‍ നടപടി കൈക്കൊണ്ടില്ല എന്നും അധികൃതര്‍ പറയുന്നു.