കൊല്ലം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാഷ്ട്രീയപ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് കൊലപാതകങ്ങളിലൂടെയല്ലെന്ന് എംഎ ബേബി പറഞ്ഞു. കൊലപാതകങ്ങള്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സിപിഐഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുകൂടിയായ ബേബിയുടെരാഷ്ട്രീയകൊലപാതകങ്ങള്‍ക്കെതിരെ നിലപാടെടുത്ത് രംഗത്തെത്തിയത്. രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൊലപാതകമല്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ അണികളെ ബോധവത്കരിക്കണമെന്നും എംഎ ബേബി വ്യക്തമാക്കി.

ശുഹൈബ് വധത്തിലെ പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് പൊലീസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികളെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊത്തം അഞ്ച് പേരാണ് കുറ്റകൃത്യത്തില്‍ പങ്കെടുത്തത്. കൊലയില്‍ നേരിട്ട് പങ്കെടുത്ത ആദ്യ നാല് പ്രതികളും സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആകാശ് തില്ലങ്കേരി, റിജില്‍ രാജ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. ആകാശും റിജിന്‍ രാജും യഥാര്‍ത്ഥ പ്രതികളാണെന്നും അവര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്‍ ഉറപ്പിച്ച് പറയുമ്പോഴും ആകാശിന്റെ ശരീരഘടനയുള്ള ആരും തന്നെ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നില്ലെന്ന ഷുഹൈബിനൊപ്പം അക്രമിക്കപ്പെട്ട നൗഷാദിന്റെ വെളിപ്പെടുത്തല്‍ തള്ളിക്കളയാനാവുന്നില്ല. ആകാശിനെ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് താനെന്നും നൗഷാദ് പറയുന്നു. കീഴടങ്ങിയവര്‍ക്ക് ഷുഹൈബ് വധവുമായി ബന്ധമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ പാര്‍ട്ടി പൊലീസിനെ ഉപയോഗിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന സംശയമുയരുകയാണ്.