രാഹുല്‍ ഗാന്ധിക്കു നേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വെല്ലുവിളിക്ക് തകര്‍പ്പന്‍ മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടക സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് 15 മിനുട്ട് സംസാരിക്കാമോ എന്ന മോദിയുടെ പ്രകോപനത്തോടെയാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.

മൈസുരുവില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ മോദി പ്രകോപനപരമായ പ്രസംഗം നടത്തിയത്: ‘കര്‍ണാടകത്തിലെ നിങ്ങളുടെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പേപ്പര്‍ നോക്കാതെ 15 മിനുട്ട് സംസാരിക്കാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്. ഹിന്ദിയിലോ ഇംഗ്ലീഷിലോ താങ്കളുടെ മാതൃഭാഷയിലോ സംസാരിക്കാം’ എന്നായിരുന്നു മോദിയുടെ വെല്ലുവിളി.

ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന രാഹുല്‍ ഗാന്ധിനെതിരെ ‘മാതൃഭാഷ’ പ്രയോഗം നടത്തുക വഴി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യക്കാരനല്ല എന്ന തരത്തിലുള്ള ദുസ്സൂചനയും മോദിയുടെ വാക്കുകളിലുണ്ടായിരുന്നു.

എന്നാല്‍, തന്റെ സര്‍ക്കാറിനെ പരാമര്‍ശിച്ചു കൊണ്ടുള്ള മോദിയുടെ വെല്ലുവിളിക്ക് അതേ നാണയത്തിലാണ് സിദ്ധരാമയ്യ തിരിച്ചടി നല്‍കിയത്. ‘പ്രിയപ്പെട്ട നരേന്ദ്ര മോദി, ബി.എസ് യെദ്യൂരപ്പയുടെ സര്‍ക്കാര്‍ കര്‍ണാടകയിലുണ്ടാക്കിയ നേട്ടങ്ങളെപ്പറ്റി പേപ്പറില്‍ നോക്കിയിട്ടാണെങ്കിലും 15 മിനുട്ട് സംസാരിക്കാന്‍ താങ്കളെ വെല്ലുവിളിക്കുന്നു’ – എന്നാണ് സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചത്.

അതിനിടെ, പ്രധാനമന്ത്രിയുടെ വെല്ലുവിളിക്ക് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി എന്ന പേരില്‍ ഒരു വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോദിക്ക് രാഷ്ട്ര പിതാവിന്റെ പേര് തെറ്റാതെ 15 തവണ പറയാന്‍ കഴിഞ്ഞാല്‍ താന്‍ വെല്ലുവിളി സ്വീകരിക്കാം എന്ന് രാഹുല്‍ പറഞ്ഞതായുള്ളതാണ് ഈ പ്രചരണം. മുമ്പ് രാഷ്ട്ര പിതാവിന്റെ പൂര്‍ണനാമം ‘മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി’ എന്ന് മോദി പ്രസംഗിച്ചത് വിവാദമായിരുന്നു.