ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ റെക്കോര്‍ഡ് ഇനി സിക്കിം മുഖ്യമന്ത്രി പവന്‍ ചാമ്‌ലിങിന് സ്വന്തം. അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായ ചാമ് ലിങ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന്റെ റെക്കോര്‍ഡാണ് ചാമ്‌ലിങ് തിരുത്തിയത്.
23 വര്‍ഷം നാല് മാസം 16 ദിവസം എന്ന റെക്കോര്‍ഡാണ് ചാമ് ലിങ് ഞായറാഴ്ച തിരുത്തിക്കുറിച്ചത്) രണ്ട് പതിറ്റാണ്ട് കാലത്തിലധികമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തുടരാന്‍ തന്നെ സഹായിച്ച സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി റെക്കോര്‍ഡ് സ്വന്തമാക്കിയ ശേഷം ചാമ്‌ലിങ് ഫേസ് ബുക്കില്‍ കുറിച്ചു. ജ്യോതി ബസുവിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് താനെന്നതില്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞ ചാമ് ലിങ് അന്തരിച്ച മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയോടുള്ള എല്ലാ ആദരവും എന്നും കാത്തു സൂക്ഷിക്കുന്നതായും പറഞ്ഞു.
ഇക്കാലത്തിനിടയില്‍ താന്‍ ഒരിക്കല്‍ പോലും തന്റെ കര്‍ത്തവ്യത്തില്‍ നിന്നും പിന്നാക്കം പോയിട്ടില്ലെന്നും ചാമ്‌ലിങ് കൂട്ടിച്ചേര്‍ത്തു. 1994 ഡിസംബര്‍ 12നാണ് ചാമ്‌ലിങ് ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
പിന്നീട് ഹിമാലയന്‍ സംസ്ഥാനമായ സിക്കിമിന്റെ മുഖ്യമന്ത്രി സ്ഥാനം സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്)അധ്യക്ഷന്‍ കൂടിയായ 64കാരന്‍ ചാമ്‌ലിങിന് സ്ഥാനം വിട്ടൊഴിയേണ്ടി വന്നിട്ടില്ല. 1977 ജൂണ്‍ 21 മുതല്‍ 2000 നവംബര്‍ ആറ് വരെയാണ് ജ്യോതി ബസു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നത്. അഞ്ചാം തവണ അനാരോഗ്യകരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല. 1973ല്‍ രാഷ്ട്രീയത്തിലിറങ്ങിയ ചാമ്‌ലിങ് 1985ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാമ്‌ലിങിന്റെ നേതൃത്വത്തിലുള്ള എസ്.ഡി.എഫ് 22 സീറ്റുകളിലും പ്രതിപക്ഷമായ സിക്കിം ക്രാന്തികാരി മോര്‍ച്ച 10 സീറ്റുകളിലുമായിരുന്നു വിജയിച്ചത്. എന്നാല്‍ പ്രതിപക്ഷത്തെ ഏഴ് എം.എല്‍.എമാര്‍ എസ്.ഡി.എഫിലേക്ക് ചേക്കേറിയതോടെ രണ്ട് പേരാണ് പ്രതിപക്ഷത്തുള്ളത്.
ഏക സ്വതന്ത്ര എം.എല്‍.എ ചാമ് ലിങിന്റെ സഹോദരനുമാണ്.