ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. ഇന്നലെയാണ് രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ ആസ്പത്രിയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചത്.

അരമണിക്കൂറിലേറെ സമയം രാഹുല്‍ ആസ്പത്രിയില്‍ ചിലവഴിച്ചു. കൂടിക്കാഴ്ച്ച രാഷ്ട്രീയപരമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഡല്‍ഹിയില്‍ നടത്തുന്ന ജന്‍ ആക്രോശ് റാലിയില്‍ പങ്കെടുത്തിനുശേഷമാണ് രാഹുല്‍ ആസ്പത്രിയിലെത്തിയത്.

വൃക്കയും ഹൃദയവും തകരാറിലായ ലാലുപ്രസാദ് യാദവ് മാര്‍ച്ച് 29-ാം തിയ്യതി മുതലാണ് എയിംസില്‍ ചികിത്സ തേടിയത്. നേരത്തെ റാഞ്ചിയിലെ രാജേന്ദ്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ലാലുവിനെ ചികിത്സിച്ചിരുന്നത്. എന്നാല്‍ അവിടെ നിന്നും എയിംസിലേക്ക് മാറ്റുകയായിരുന്നു.

2013-ലെ കാലിത്തീറ്റ കുംഭകോണക്കേസിലാണ് ലാലുപ്രസാദ് യാദവ് ജയില്‍ശിക്ഷ അനുഭവിക്കുന്നത്. സി.ബി.ഐ കോടതി 14വര്‍ഷത്തേക്കാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.