ഭോപ്പാല്‍: എട്ട്് സിമി തടവുകാര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ദീപാവലി ദിവസത്തില്‍, ജയിലിലെ 29 പേര്‍ ജയില്‍ ചാടാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. സെല്ലുകളുടെ 17 ഡ്യൂപ്ലിക്കേറ്റ് ചാവികള്‍ ജയിലില്‍ നിന്ന് കണ്ടെടുത്തതായും പൊലീസ് വെളിപ്പെടുത്തി. മാസങ്ങള്‍ക്കു മുമ്പെ ഇവര്‍ തടവു ചാടാന്‍ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.

ബി ബ്ലോക്കിലെ എട്ടു തടവുകാരാണ് ജയില്‍ ചാടിയത്. സിമി പ്രവര്‍ത്തകരെന്നു പറയപ്പെടുന്ന, എ ബ്ലോക്കില്‍ താമസിക്കുന്ന ജയില്‍പ്പുള്ളികളും രക്ഷപ്പെടാന്‍ പദ്ധതിയിട്ടു എന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ് സിമി അധ്യക്ഷന്‍ എന്നു പൊലീസ് പറയുന്ന അബൂ ഫൈസലും ഈ ബ്ലോക്കിലുണ്ട്. എന്നാല്‍ ഇവരുടെ പദ്ധതി ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാതാക്കുകയായിരുന്നു. ജയില്‍ ആസ്പത്രിയില്‍ രണ്ടു ബ്ലോക്കിലെ തടവുകാരും ചികിത്സയില്‍ ഒരുമിച്ചു കഴിഞ്ഞ വേളയിലാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് ജയില്‍ വൃത്തങ്ങള്‍ പറയുന്നു.

ഡ്യൂപ്ലിക്കേറ്റ് ചാവികള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന സോപ്പുകളും സെല്ലുകളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ‘ഞങ്ങള്‍ ദീപാവലിയില്‍ വരുന്നു’ എന്ന് ഉര്‍ദുവിലെഴുതിയ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

സിമി പ്രവര്‍ത്തകരായ എട്ടു വിചാരണത്തടവുകാരാണ് തടവു ചാടിയിരുന്നത്. ഇവരെ പിറ്റേന്ന് പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, നിരായുധരായ പ്രതികളെ വെടിവെച്ചു കൊന്നത് എന്തിന് എന്നായിരുന്നു മനുഷ്യാവാകാശ പ്രവര്‍ത്തകരുടെയും പ്രതിപക്ഷ കക്ഷികളുടെയും ചോദ്യം. മുന്‍ ഡി.ഐ.ജി നന്ദന്‍ ദുബെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജയില്‍ച്ചാട്ടം അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസം ജയിലിലെത്തിയ അദ്ദേഹം ചാട്ടം പുനഃസൃഷ്ടിച്ചു. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പാളിച്ചകളുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു തീര്‍പ്പിലെത്തുന്നില്ല എന്നായിരുന്നു ദുബെയുടെ മറുപടി.

അതിനിടെ, ജയില്‍ ചാട്ടത്തിലും ഏറ്റുമുട്ടലിലും പ്രത്യേക അന്വേഷണ സംഘം വെവ്വേറെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിനെ കുറിച്ച് എസ്.പി അനുരാഗ് ശര്‍മയുടെ നേതൃത്വത്തിലുള്ള സി.ഐ.ഡി സംഘം ദൃക്‌സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു.