മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ തലത്തൊട്ടപ്പന്മാരില്‍ ഒന്നാമനായ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍. ശനിയാഴ്ച്ച തലച്ചോറിനേറ്റ ആഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സര്‍ജറി വിജയകരമായിരുന്നെങ്കിലും ഫെര്‍ഗി ഗുരുതരാവസ്ഥയില്‍ തന്നെയാണെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്ന ക്ലബിനെ ദീര്‍ഘകാലം പരിശീലിപ്പിച്ച ഫെര്‍ഗി രണ്ട് സീസണ്‍ മുമ്പാണ് പരിശീലക പദം വിട്ടത്. അത് വരെ മാഞ്ചസ്റ്ററിന്റെ മാത്രമല്ല ഇംഗ്ലീഷ് ഫുട്‌ബോളിന്റെ തന്നെ വലിയ വിലാസമായിരുന്നു 76 കാരനായ സ്‌ക്കോട്ടിഷ് സ്വദേശി. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത് വരെ ഫെര്‍ഗിക്കുണ്ടായിരുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മല്‍സരങ്ങള്‍ കാണാന്‍ അദ്ദേഹം എത്താറുണ്ടായിരുന്നു. ആഴ്‌സനലിന്റെ പരിശീലകന്‍ ആഴ്‌സന്‍ വെംഗര്‍ പരിശീലക പദം ഒഴിയാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ ഫെര്‍ഗിയായിരുന്നു. മൈതാനത്ത് വന്ന് വെംഗര്‍ക്ക് പാരിതോഷികം സമര്‍പ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.

കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലുള്ള ലോക ഫുട്‌ബോളിലെ സൂപ്പര്‍ തരങ്ങളെ ആദ്യ കാലത്ത് പരിശീലിപ്പിച്ചത് ഫെര്‍ഗിയായിരുന്നു. ഫെര്‍ഗിയുടെ ആരോഗ്യ നിലില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ കാര്യമായ സേവനം തുടരുകയാണെന്നും അല്‍പ്പദിവസം അദ്ദേഹത്തിന് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയേണ്ടി വരുമെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.