ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബൈ കമ്പനി നല്‍കി പണം തട്ടിപ്പ് കേസ് ഗൗരവമേറിയതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതിവേഗം പരിഹാരം കണ്ടില്ലെങ്കില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് അദ്ദേഹം കോടിയേരിയോട് ആവശ്യപ്പെട്ടു. ‘വളരെ ഗൗരവുമുള്ള ആരോപണമാണ് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പ്രശ്‌നം എത്രയും പെട്ടേന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’, യെച്ചൂരി പറഞ്ഞു.
ദുബൈയിലെ ജാസ് ടൂറിസം കമ്പനിയാണ് ബിനോയിക്കെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി നല്‍കിയത്. 13 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ബിനോയിയെ പിടികൂടുന്നതിന് യു.എ.ഇ സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന്് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന് കേന്ദ്ര നേതൃത്വം കോടിയേരിയോട് ആവശ്യപ്പെട്ടത്.