ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്.

സഖ്യം മോദിയുടേയും അമിത് ഷായുടേയും ഉറക്കം കെടുത്തുമെന്ന് മായാവതി പറഞ്ഞു. ബി.ജെ.പി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണ്. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ സഖ്യത്തിന് കഴിയുമെന്നും മായാവതി പറഞ്ഞു.

38 സീറ്റില്‍ എസ്.പിയും 38 സീറ്റില്‍ ബി.എസ്.പിയും മത്സരിക്കും. രണ്ട് സീറ്റുകള്‍ മറ്റു പാര്‍ട്ടികള്‍ക്കായി ഒഴിച്ചിടും. അമേത്തിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും മായാവതി പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും മായാവതി വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതുകൊണ്ട് തങ്ങള്‍ക്ക് പ്രത്യേക നേട്ടമൊന്നുമില്ലെന്നും അതിനാലാണ് സഖ്യത്തിനില്ലെന്ന് പറഞ്ഞതെന്നും മായാവതി പറഞ്ഞു.