മാഡ്രിഡ്: ഇറ്റലിയും മാള്‍ട്ടയും പ്രവേശനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ അഭയാര്‍ത്ഥികള്‍ക്ക് രക്ഷകരായി സ്‌പെയിന്‍. മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 629 അഭയാര്‍ത്ഥികള്‍ക്കാണ് സ്‌പെയിന്‍ സ്വാഗതമോതിയത്. ഇവരെ രാജ്യത്തേക്ക് സ്വീകരിക്കുമെന്ന് സ്‌പെയിന്‍ വ്യക്തമാക്കി. വലന്‍സിയ തുറമുഖത്ത് കപ്പല്‍ നങ്കൂരമിടാന്‍ അനുമതി നല്‍കാന്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു ശേഷം സാഞ്ചസ് കൈക്കൊള്ളുന്ന സുപ്രധാന തീരുമാനമാണിത്.
123 കുട്ടികളും ഏഴു ഗര്‍ഭിണികളുമടക്കം 629 അഭയാര്‍ത്ഥികളാണ് മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയത്. ഇവരെ രക്ഷിച്ച എംവി അക്വാറിയൂസ് കപ്പലിനെ തീരത്ത് അടുക്കാന്‍ അനുവദിക്കാതെ ഇറ്റലിയും മാള്‍ട്ടയും തുറമുഖങ്ങള്‍ അടച്ചിട്ടിരുന്നു.
മനുഷ്യക്കടത്ത് അനുവദിക്കേണ്ടെന്നാണ് രാജ്യത്തിന്റെ തീരുമാനമെന്നായിരുന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ സാല്‍വിനിയുടെ പ്രതികരണം. മാള്‍ട്ടയെ സമീപിക്കാന്‍ ഇറ്റലി ആവശ്യപ്പെട്ടെങ്കിലും ഇറ്റലിയാണ് തീരത്ത് അടുപ്പിക്കാന്‍ അനുമതി നല്‍കേണ്ടതെന്ന് നിലപാടില്‍ മാള്‍ട്ടയും ഉറച്ചു നിന്നതാണ് അഭയാര്‍ത്ഥികളെ ദുരിതത്തിലാക്കിയത്.