മാഡ്രിഡ്: കാറ്റലോണിയ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്ന് കാറ്റലന്‍ നേതാക്കളോട് സ്‌പെയിന്‍ പ്രധാനമന്ത്രി മരയാന രാജോയ്. നേതാക്കളുടെ പ്രതികരണം അനുസരിച്ചായിരിക്കും ഭാവികാര്യങ്ങള്‍ തീരുമാനിക്കുക എന്നും, നിയമ വിരുദ്ധമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ കാറ്റലോണിയയുടെ സ്വയം ഭരണാവകാശം എടുത്തു കളയുമെന്നും റോജോയ് പറഞ്ഞു. കാറ്റലന്‍ റിജീയണല്‍ പ്രസിഡന്റ് കാള്‍സ് പിയുഗ്‌ഡെമോണ്ടിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും റോജോയ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.

സ്‌പെയിന്‍ വിട്ടുപോകണമെന്ന കാറ്റലോണിയന്‍ ജനതയുടെ ഹിതം അംഗീകരിച്ച് മുന്നോട്ടു പോകുമെന്ന് കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പ്യൂമോണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ കാറ്റലോണിയയെ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആക്കിമാറ്റുകയെന്ന ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നുവെന്നാണ് ബാര്‍സലോണയിലെ കാറ്റലന്‍ പാര്‍ലമെന്റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞത്. സ്വാതന്ത്ര്യം പ്രഖ്യാപിക്കരുതെന്ന യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന്റെ അഭ്യര്‍ഥന തള്ളിയാണു കാറ്റലന്‍ നേതാക്കള്‍ സ്വാതന്ത്ര്യനീക്കം നടത്തിയത്. യൂറോപ്പിന്റെ ഐക്യമാണു വേണ്ടതെന്നും വിഭജനം അംഗീകരിക്കില്ലെന്നുമാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. വിഭജനത്തെ അംഗീകരിക്കില്ലെന്നു സ്‌പെയിന്‍ വ്യക്തമാക്കിരുന്നു.

സ്വാതന്ത്ര പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സ്‌പെയിന്‍ പോലീസിനെ വിന്യസിച്ചു. വിമാനത്താവളങ്ങളുടെയും പ്രധാന കേന്ദ്രങ്ങളുടെയും നിയന്ത്രണവും മാഡ്രിഡ് ആസ്ഥാനമായുള്ള ഭരണകൂടം ഏറ്റെടുത്തു. സാമ്പത്തിക ഉപരോധമടക്കമുള്ള സമ്മര്‍ദ തന്ത്രങ്ങളിലേക്കു നീങ്ങാന്‍ സ്‌പെയിനും യൂറോപ്യന്‍ യൂണിയനും ഒരുങ്ങിയിട്ടുണ്ട്. 80 ലക്ഷത്തോളം ജനങ്ങളുള്ള കാറ്റലോണിയയിലാണ് സ്‌പെയിനിലെ 16 ശതമാനം ജനങ്ങള്‍ താമസിക്കുന്നത്. ബാഴ്‌സലോണയാണ് തലസ്ഥാനം.

സ്വതന്ത്ര രാഷ്ട്രമാകണം എന്ന കാറ്റലോണിയക്കാരുടെ ആവശ്യമാണ് ഹിതപരിശോധനയില്‍ വരെ എത്തിയത്. സ്‌പെയിന്‍ സര്‍ക്കാര്‍ വോട്ടെടുപ്പു തടയാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഹിതപരിശോധന നിയമ വിരുദ്ധമാണെന്ന് സ്പാനിഷ് ഭരണ ഘടനാ കോടതിയും വിധിച്ചിരുന്നു. എന്നാല്‍ സ്‌പെയിനില്‍നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഹിതപരിശോധനയില്‍ 90 ശതമാനവും വിധിയെഴുതിയത്.

നിയമ വിരുദ്ധം എന്ന് നേരത്തെ വിശേഷിപ്പിച്ച സ്വാതന്ത്ര്യ നീക്കത്തെ ഭരണഘടനയിലെ 155-ാം വകുപ്പ് ഉപയോഗിച്ച് നേരിടാനാണ് സ്പാനിഷ് ഭരണകൂടത്തിന്റെ നീക്കം. രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവിശ്യകളുടെ സ്വയം ഭരണാധികാരം റദ്ദാക്കാന്‍ ഗവണ്‍മെന്റിന് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്. എന്നാല്‍, ഇത്തരം ഒരു നീക്കമുണ്ടായാല്‍ അത് മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് കരുതുന്നത്.

സ്‌പെയിന്‍ – കാറ്റലോണിയ സംഘര്‍ഷം ശക്തമാകുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തെയും അത് ശക്തമായി ബാധിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള ബാഴ്‌സലോണ ലാലീഗയില്‍ നിന്ന് പുറത്ത് പോകേണ്ടി വരും. എസ്പാന്യോള്‍, ജിറോണ തുടങ്ങിയ ക്ലബുകളുടെ ഭാവിയും അനിശ്ചിതതത്ത്വത്തിലാകും. ലാലീഗയില്‍ ബാഴ്‌സയില്ലെങ്കില്‍ എല്‍ ക്ലാസിക്കോ പ്രേമികള്‍ക്ക് അതുണ്ടാക്കുന്ന നിരാശ ചില്ലറയായിരിക്കില്ല. ലോകത്തെ മുഴുവന്‍ ആവേശത്തിലാക്കുന്ന ഏക ക്ലബ് ഫുട്‌ബോള്‍ മത്സരമാണ് മെസിയും റോണോയും നേര്‍ക്കു നേര്‍ വരുന്നത്.