Connect with us

Sports

വില്ല്യന്‍ അടിച്ചു, മെസ്സി തിരിച്ചടിച്ചു

Published

on

 

ലണ്ടന്‍: സ്റ്റാംഫഡ് ബ്രിഡ്ജിലെ ഗോള്‍ ക്ഷാമത്തിന് ലയണല്‍ മെസ്സി അന്ത്യമിട്ടപ്പോള്‍ ചെല്‍സി – ബാര്‍സലോണ ഹൈ വോള്‍ട്ടേജ് ചാമ്പ്യന്‍സ് ലീഗ് മത്സരം 1-1 സമനിലയില്‍. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം വില്ല്യനിലൂടെ മുന്നിലെത്തിയ ചെല്‍സി ജയം നേടിയെന്ന് തോന്നിച്ചെങ്കിലും പ്രതിരോധപ്പിഴവില്‍ നിന്നു കിട്ടിയ അവസരം മുതലെടുത്ത് ലയണല്‍ മെസ്സി ബാര്‍സയെ ഒപ്പമെത്തിച്ചു. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് തുര്‍ക്കിയില്‍ നിന്നുള്ള ബേസിക്താസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തു. തോമസ് മുള്ളറും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ഇരട്ട ഗോള്‍ നേടി.
സ്വന്തം ഗ്രൗണ്ടില്‍ എതിരാളികളെ പഴുതടച്ചു പ്രതിരോധിക്കുകയും കിട്ടിയ അവസരങ്ങളില്‍ പ്രത്യാക്രമണം നടത്തുകയും ചെയ്യുക എന്ന രീതിയാണ് ചെല്‍സി കോച്ച് ആന്റോണിയോ കോന്റെ അവലംബിച്ചത്. ഒലിവര്‍ ജിറൂദ്, അല്‍വാരോ മൊറാട്ട എന്നിവരെ ബെഞ്ചിലിരുത്തി 3-4-2-1 എന്ന ശൈലിയില്‍ കളിച്ച ചെല്‍സിക്കെതിരെ 4-4-2 ലാണ് ബാര്‍സ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ദെ ടീമിനെ ഇറക്കിയത്.
ഇരുകൂട്ടരും എതിരാളികളെ ബഹുമാനിച്ചു കളിച്ചപ്പോള്‍ ആദ്യപകുതിയില്‍ സംഭവ ബഹുലമായ നിമിഷങ്ങള്‍ കുറവായിരുന്നു. ബോക്‌സിനു പുറത്തുനിന്നു തൊടുത്ത് ബാറിനു മുകളിലൂടെ പറത്തിയ ഷോട്ടോടെ ഏഡന്‍ ഹസാര്‍ഡ് ആണ് ആദ്യ ഭീഷണി മുഴക്കിയത്. ഹസാര്‍ഡിന്റെ പാസ് സ്വീകരിച്ച് വില്ല്യന്‍ ബോക്‌സിനു പുറത്തു നിന്ന് തൊടുത്ത ഷോട്ടുകള്‍ രണ്ടു തവണ സൈഡ് ബാറില്‍ തട്ടി മടങ്ങിയത് ബാര്‍സയുടെ ഭാഗ്യമായി. മറുവശത്ത് മെസ്സി ഉയര്‍ത്തി നല്‍കിയ പന്തില്‍ പൗളിഞ്ഞോ തൊടുത്ത ഹെഡ്ഡര്‍ പുറത്തേക്കു പോവുകയും ചെയ്തു. ആദ്യ പകുതിയില്‍ 75 ശതമാനവും പന്ത് ബാര്‍സയുടെ കാല്‍ക്കീഴിലായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബാര്‍സ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ചെല്‍സി പ്രതിരോധം ജാഗ്രത പാലിച്ചു. ആന്ദ്രേ ഇനിയസ്റ്റ അക്ഷമനായി പായിച്ച ലോങ് റേഞ്ചര്‍ ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്താതെ പോയപ്പോള്‍ വലതു ബോക്‌സില്‍ നിന്ന് സുവാരസ് തൊടുത്ത ഗ്രൗണ്ടര്‍ ചെല്‍സി കീപ്പര്‍ തിബോട്ട് കോര്‍ട്വ പണിപ്പെട്ടു തടഞ്ഞു.
ബോക്‌സിനു ചുറ്റും ബാര്‍സക്ക് തലവേദന സൃഷ്ടിച്ച വില്ല്യന്‍ 62-ാം മിനുട്ടില്‍ ലക്ഷ്യം കണ്ടതോടെ ഗാലറി ഉണര്‍ന്നു. ഇടതുവിങ്ങില്‍ നിന്ന് ഹസാര്‍ഡ് നല്‍കിയ പന്ത് ബോക്‌സിനു പുറത്ത് സ്വീകരിച്ച ബ്രസീലിയന്‍ താരം ഗോള്‍മുഖത്ത് തിങ്ങിനിന്ന ആള്‍ക്കൂട്ടത്തിനും ഇടതുപോസ്റ്റിനുമിടയിലെ നേരിയ ഇടനാഴിയിലൂടെ പന്ത് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ബോക്‌സിനു പുറത്തുനിന്നുള്ള പെട്ടെന്നുള്ള ആക്രമണത്തില്‍ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റെയ്ഗന് ഡൈവ് ചെയ്യാന്‍ പോലും കഴിഞ്ഞില്ല.
സ്റ്റാംഫഡ് ബ്രിഡ്ജിലെ കാണികളുടെ ആഘോഷത്തിന് പക്ഷേ കാല്‍ മണിക്കൂര്‍ പോലും ആയുസ്സുണ്ടായില്ല. ഒരേയൊരു ഗോളില്‍ തൂങ്ങി മത്സരം അവസാനിപ്പിക്കാമെന്ന നീലപ്പടയുടെ കണക്കുകൂട്ടല്‍ 75-ാം മിനുട്ടില്‍ പിഴച്ചു. ഇടതുഭാഗത്തു നിന്ന് ബോക്‌സിന്റെ പുറത്തായി നില്‍ക്കുകയായിരുന്ന ഫാബ്രിഗസിനെ ലക്ഷ്യമാക്കി വന്ന പാസാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഫാബ്രിഗസിന് എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ചെല്‍സി ക്യാപ്ടന്‍ ആന്ദ്രേ ക്രിസ്റ്റ്യന്‍സന്‍ പരാജയപ്പെട്ടപ്പോള്‍ ക്ഷണവേഗത്തില്‍ പന്ത് കാല്‍ക്കലാക്കിയ ഇനിയസ്റ്റ ബോക്‌സിലേക്ക് കുതിച്ചു. തനിക്കൊപ്പമുണ്ടായിരുന്ന ഡിഫന്ററെ കബളിപ്പിച്ച് 33-കാരന്‍ പിന്നിലേക്ക് നല്‍കിയ കട്ട്ബാക്ക് പാസില്‍ ലയണല്‍ മെസ്സി പിഴവില്ലാതെ ഗോളടിക്കുകയും ചെയ്തു. കരിയറില്‍ ചെല്‍സിക്കെതിരായ ആദ്യ ഗോളിലൂടെ മെസ്സി, സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ബാര്‍സലോണക്ക് പ്രതീക്ഷ പകര്‍ന്നു.
ബയേണിന്റെ തട്ടകത്തില്‍ 16-ാം മിനുട്ടില്‍ പ്രതിരോധതാരം ദോമഗോയ് വിദ ചുവപ്പു കാര്‍ഡ് കണ്ടതാണ് ബേസിക്താസിന് വന്‍ തിരിച്ചടിയായത്. 43-ാം മിനുട്ടില്‍ ഡേവിഡ് അലാബയുടെ പാസില്‍ നിന്ന് തോമസ് മുള്ളര്‍ ആതിഥേയരെ മുന്നിലെത്തിച്ചു. 52-ാം മിനുട്ടില്‍ ലെവന്‍ഡവ്‌സ്‌കിയുടെ പാസില്‍ നിന്ന് കിങ്സ്ലി കോമാന്‍ ലീഡുയര്‍ത്തി. 66-ാം മിനുട്ടില്‍ ജോഷ്വ കിമ്മിഷിന്റെ സഹായത്തില്‍ മുള്ളറും 79, 88 മിനുട്ടുകളില്‍ ലെവന്‍ഡവ്‌സ്‌കിയും ലക്ഷ്യം കണ്ടതോടെ യുപ് ഹെന്‍ക്‌സിന്റെ സംഘത്തിന് രണ്ടാം പാദം എളുപ്പമായി.
ഏപ്രില്‍ 14-ന് ബേസിക്തസ് – ബയേണ്‍, ബാര്‍സലോണ – ചെല്‍സി രണ്ടാം പാദ മത്സരങ്ങള്‍.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending