Connect with us

Sports

0.2 സെക്കന്റിന്റ വില!

Published

on

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ആറാം ദിനത്തില്‍ ഇന്ത്യക്ക് ശുഭവാര്‍ത്തകള്‍. ഇന്നലെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റല്‍ ഇവന്റില്‍ ഹീന സിധു സ്വര്‍ണം നേടിയപ്പോള്‍ പാരാ ലിഫ്റ്റര്‍ സച്ചിന്‍ ചൗധരി വെങ്കലം സ്വന്തമാക്കി. ബോക്‌സിങില്‍ മുഹമ്മദ് ഹിസ്സമുദ്ദീന്‍, മനോജ് കുമാര്‍, സതീഷ് കുമാര്‍, അമിത് പങ്കാല്‍, നമന്‍ തന്‍വാര്‍ എന്നിവര്‍ സെമിഫൈനലിലെത്തി മെഡലുറപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ, ഹോക്കി, സ്‌ക്വാഷ് തുടങ്ങിയവയില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഹോക്കിയില്‍ മലേഷ്യയെ തോല്‍പ്പിച്ച് പുരുഷ ടീമും ദക്ഷിണാഫ്രിക്കയെ വീഴ്ത്തി വനിതാ ടീമും സെമിയിലെത്തി. മില്‍ഖാ സിങിനു ശേഷം 400 മീറ്റര്‍ ഫൈനലിലെത്തിയ മലയാളി താരം മുഹമ്മദ് അനസ് ദേശീയ റെക്കോര്‍ഡ് സമയം കുറിച്ചെങ്കിലും ഫോട്ടോഫിനിഷില്‍ മെഡല്‍ നഷ്ടമായി. പ്രതീക്ഷകളുയര്‍ത്തി 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍ ഫൈനലിലെത്തിയ മലയാളി താരം സാജന്‍ പ്രകാശിന് ഏഴാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
ആറാം ദിനം പിന്നിടുമ്പോള്‍ 11 സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 21 മെഡലുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 50 സ്വര്‍ണമടക്കം 130 മെഡലോടെ ഓസ്‌ട്രേലിയയും 24 സ്വര്‍ണമടക്കം 74 മെഡലുമായി ഇംഗ്ലണ്ടും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഹീനയുടെ സ്വര്‍ണവേട്ട
ബെല്‍മണ്ട് ഷൂട്ടിങ് സെന്ററില്‍ നിന്നാണ് ഇന്നലെ ഇന്ത്യ കേള്‍ക്കാന്‍ കൊതിച്ച സ്വര്‍ണവാര്‍ത്ത എത്തിയത്. ഞായറാഴ്ച 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി നേടിയിരുന്ന ഹീന സിധു വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് 25 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയത്. എട്ടുപേര്‍ മത്സരിച്ച ഫൈനലില്‍ റെക്കോര്‍ഡ് പോയിന്റായ 38 സ്വന്തമാക്കിയായിരുന്നു 28-കാരിയുടെ പൊന്നിന്‍ പ്രകടനം. വെള്ളി നേടിയ ഓസ്‌ട്രേലിയക്കാരി എലാന ഗലിയബോവിച്ച്, വെങ്കലം നേടിയ മലേഷ്യന്‍ താരം ആലിയ അസ്ഹരി എന്നിവരുടെ സമ്മര്‍ദം അതിജീവിച്ചായിരുന്നു ഹീനയുടെ വിജയം. ഹീന ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്നത്. 2010-ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹീന സിധു ടീം ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു.
ഹോക്കി സന്തോഷം
പൂള്‍ ബി.യില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യന്‍ പുരുഷ ഹോക്കി സംഘം സെമിഫൈനലിലേക്ക് മുന്നേറിയത്. ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ട ഗോളുകള്‍ വിജയമൊരുക്കിയത്. മൂന്നാം മിനുട്ടില്‍ തന്നെ ലീഡ് നേടിയ ഇന്ത്യ ശക്തമായ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ മലേഷ്യക്കാര്‍ക്ക് സ്വന്തം ഗോള്‍മുഖം സംരക്ഷിക്കുകയായിരുന്നു പ്രധാന ജോലി. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ വലതുവിങിലൂടെ ഓടിക്കയറി പാസ് സ്വീകരിച്ച ഫൈസല്‍ സാറി, പി.ആര്‍ ശ്രീജേഷിനെ മറികടന്ന് മലേഷ്യയെ ഒപ്പമെത്തിച്ചു. ഇന്ത്യക്ക് പെനാല്‍ട്ടി കോര്‍ണറുകള്‍ തുടരെ ലഭിച്ചെങ്കിലും മലേഷ്യ ചെറുത്തുനിന്നു.
മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷങ്ങളില്‍ പെനാല്‍ട്ടി കോര്‍ണര്‍ കരുത്തുറ്റ ഷോട്ടിലൂടെ വലയിലാക്കിയാണ് ഹര്‍മന്‍പ്രീത് ലീഡ് തിരിച്ചുപിടിച്ചത്. അവസാന മിനുട്ടുകളിലെ മലായ് ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചു.
ക്യാപ്ടന്‍ റാണി രാംപാല്‍ 47-ാം മിനുട്ടില്‍ നേടിയ ഏക ഗോളിനാണ് ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. ഇതോടെ പൂള്‍ എയില്‍ ഇംഗ്ലണ്ടുമായി പോയിന്റ് പങ്കിട്ട് രണ്ടാം സ്ഥാനത്തെത്താന്‍ ഇന്ത്യക്കു കഴിഞ്ഞു.
മെഡല്‍ ബോക്‌സിങ്
ബോക്‌സിങില്‍ 49 കിലോ വിഭാഗത്തില്‍ അമിത് പങ്കാല്‍ ആണ് ഇന്നലെ ആദ്യം സെമിയിലെത്തിയത്. സ്‌കോട്ട്‌ലാന്റിന്റെ അഖീല്‍ അഹ്മദിനെതിരെ 4-1 നായിരുന്നു പങ്കാലിന്റെ ജയം. 91 കിലോ വിഭാഗത്തില്‍ സമോവയുടെ ഫ്രാങ്ക് മാസോയെ ഏകപക്ഷീയമായ 5-0 ന് തറപറ്റിച്ച് നമന്‍ തന്‍വാറും ക്വാര്‍ട്ടര്‍ കടന്നു. 56 കിലോ വിഭാഗത്തില്‍ സാംബിയയുടെ മുലിംഗ എവറിസ്‌റ്റോയെ ഹുസ്സമുദ്ദീന്‍ 5-0 ന് ഇടിച്ചിട്ടപ്പോള്‍ 69 കിലോയില്‍ ഓസ്‌ട്രേലിയയുടെ ടെറി നിക്കോളാസിനെതിരെ 4-1 ന് മനോജ് കുമാറും ജയിച്ചു കയറി. 91+ വിഭാഗത്തില്‍ 4-1 നായിരുന്നു സതീഷിന്റെ ജയം.
മിക്‌സഡ് ഡബിള്‍സ് സ്‌ക്വാഷില്‍ ദീപിക പള്ളിക്കലും സൗരവ് ഘോഷാലും പാകിസ്താന്റെ മദീന സഫര്‍ – തയ്യബ് അസ്‌ലം സഖ്യത്തെ 2-0 ന് തോല്‍പ്പിച്ച് സെമി സാധ്യത ശക്തമാക്കി. പൂള്‍ ഇയിലെ മത്സരം വെറും 13 മിനുട്ടേ നീണ്ടുനിന്നുള്ളൂ. ഓക്‌സന്‍ഫോര്‍ഡ് സ്റ്റുഡിയോസില്‍ നടന്ന മത്സരത്തില്‍ 11-2, 11-3 സ്‌കോറിനായിരുന്നു ഇന്ത്യന്‍ ജയം. നേരത്തെ ഗയാനയുടെ മേരി ഫുങ് – ജേസണ്‍ റേ ഖലീല്‍ എന്ന സഖ്യത്തെയും ഇന്ത്യന്‍ സഖ്യം 13 മിനുട്ടില്‍ കീഴടക്കിയിരുന്നു.

Sports

രഞ്ജി ട്രോഫിയില്‍ സ്മരണ്‍ രവിചന്ദ്രന്റെ ഡബിള്‍ സെഞ്ച്വറി; കര്‍ണാടകയുടെ യുവതാരം തിളങ്ങി

ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി.

Published

on

ചണ്ഡീഗഢ്: രഞ്ജി ട്രോഫിയില്‍ വീണ്ടും ഡബിള്‍ സെഞ്ച്വറിയുമായി കര്‍ണാടകയുടെ യുവ ക്രിക്കറ്റ് പ്രതിഭ സ്മരണ്‍ രവി ചന്ദ്രന്‍ തകര്‍പ്പന്‍ പ്രകടനം. ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്ന ഇന്നിംഗ്‌സാണ് താരം കളിച്ചത്.

ഈ സീസണില്‍ കേരളത്തിനെതിരെയും സ്മരണ്‍ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെതിരായ മത്സരത്തിലും ഇരട്ടയക്ക ശതകത്തോടെ താരം ശ്രദ്ധനേടി. 2024-25 വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കര്‍ണാടകയ്ക്കായി താരം നേടിയ മാച്ച് വിന്നിംഗ് സെഞ്ച്വറി (101 റണ്‍സ്) ഏറെ ചര്‍ച്ചയായിരുന്നു.

വെറും 22 വയസ്സുള്ള സ്മരണ്‍ ഇതിനകം തന്നെ 3 ഡബിള്‍ സെഞ്ച്വറികള്‍, 1 സെഞ്ച്വറി, നിരവധി ഹാഫ് സെഞ്ച്വറികള്‍ എന്നിവ സ്വന്തമാക്കി.
13 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 1000 റണ്‍സ് പിന്നിട്ടുകഴിഞ്ഞു.

ഐപിഎലില്‍ സ്മരണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ താരമാണ്. 2025 സീസണില്‍ ആദം സാംപയ്ക്ക് പകരക്കാരനായി 30 ലക്ഷം രൂപയ്ക്ക് എസ്ആര്‍എച്ച് താരത്തെ ടീമിലെത്തിച്ചെങ്കിലും പരിക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടി വന്നു. സ്മരണ്‍ പുറത്തായതോടെ ഹര്‍ഷ് ദുബെ ടീമിലേക്കെത്തി.

എങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2026 സീസണിലേക്കുള്ള നിലനിര്‍ത്തല്‍ പട്ടികയില്‍ സ്മരണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതോടെ മടങ്ങിവരവിന് വാതില്‍ തുറന്നു.

 

Continue Reading

Sports

ബാഴ്സലോണ 908 ദിവസത്തിന് ശേഷം ക്യാമ്പ് നൗവിലേക്ക്; ബില്‍ബാവോക്കെതിരെ ശനിയാഴ്ച മത്സരം

ശനിയാഴ്ച ലാലീഗയില്‍ അത്‌ലറ്റിക് ക്ലബ് ബില്‍ബാവോയാണ് എതിരാളികള്‍.

Published

on

ബാഴ്സലോണ: ദീര്‍ഘനാളുകളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് എഫ്സി ബാഴ്സലോണ വീണ്ടും സ്വന്തം ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്തുന്നു. 908 ദിവസങ്ങള്‍ക്ക് ശേഷമാണ് ബാഴ്സലോണ തിരികെ ക്യാമ്പ്‌നൗവിലക്ക് എത്തുന്നത്. ശനിയാഴ്ച ലാലീഗയില്‍ അത്‌ലറ്റിക് ക്ലബ് ബില്‍ബാവോയാണ് എതിരാളികള്‍.

ക്യാമ്പ് നൗവില്‍ 45,401 കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള താത്കാലിക ലൈസന്‍സ് നഗരസഭ തിങ്കളാഴ്ച രാവിലെ അനുവദിച്ചു. ഇതോടെയാണ് പുതുക്കിപ്പണിയുന്ന സ്റ്റേഡിയം കുറഞ്ഞ ശേഷിയോടെ തുറക്കാന്‍ കഴിഞ്ഞത്.

റിനോവേഷന്‍ സമയത്ത് ബാഴ്സലോണ കഴിഞ്ഞ രണ്ടുസീസണുകളായി മോന്റ്റിയുക്കിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ കളിച്ചു വരികയായിരുന്നു. ഇടക്കിടെ 23,000 കാണികളുടെ മുന്നില്‍ നടന്ന ഓപ്പണ്‍ പരിശീലനത്തില്‍ നിന്നും ലഭിച്ച വരുമാനം ബാഴ്സ ഫൗണ്ടേഷന്‍ നടത്തിപ്പില്‍ ഉള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു.

റിനോവേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പുതുക്കിയ ക്യാമ്പ് നൗവില്‍ 105,000 കാണികള്‍ക്ക് ഒരേസമയം മത്സരം കാണാന്‍ കഴിയുമെന്ന് ക്ലബ് അറിയിച്ചു. സ്റ്റേഡിയം കഴിഞ്ഞ നവംബറില്‍ തന്നെ തുറക്കാമെന്നായിരുന്നു പ്രാഥമിക പദ്ധതി, പക്ഷേ നിര്‍മാണം വൈകിയതോടെ ഉദ്ഘാടനം നീണ്ടുപോയിരുന്നു.

തത്സമയം ലഭിച്ച നഗരസഭാ അനുമതിയോടെ, ഭാഗിക ശേഷിയിലുള്ള സ്റ്റേഡിയത്തില്‍ ബാഴ്സലോണ ആക്ഷനിലേക്ക് ഇറങ്ങാനൊരുങ്ങുകയാണ്.

 

Continue Reading

Sports

ആഫ്രിക്കന്‍ ഫുട്‌ബോളര്‍ അവാര്‍ഡിന് സലാഹും ഹകിമിയും മുഖാമുഖം

പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില്‍ നൈജീരിയന്‍ താരം വിക്ടര്‍ ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു.

Published

on

കൈറോ: ആഫ്രിക്കയിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പ്രശസ്തമായ പുരസ്‌കാരത്തിനായി ഈജിപ്ത് താരം മുഹമ്മദ് സലാഹും മൊറോക്കോയുടെ അഷ്‌റഫ് ഹകിമിയും തമ്മില്‍ കടുത്ത മത്സരത്തിലാണ്. പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില്‍ നൈജീരിയന്‍ താരം വിക്ടര്‍ ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കും ക്ലബ് ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പിലേക്കും നയിച്ച മികച്ച പ്രകടനങ്ങളാണ് ഹകിമിയെ പട്ടികയില്‍ മുന്‍നിരയില്‍ നിലനിറുത്തിയത്. ഡിസംബറില്‍ ആരംഭിക്കുന്ന ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ മൊറോക്കോയെ കിരീടത്തിലേക്ക് നയിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഹകിമിയുടെ പേര് വീണ്ടും ചുരുക്കപ്പട്ടികയില്‍ എത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഹകിമിക്ക് ഈ പട്ടികയില്‍ ഇടം ലഭിച്ചിരുന്നു.രണ്ട് തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയ മുഹമ്മദ് സലാഹ്, ഇടവേളയ്ക്ക് ശേഷം ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗില്‍ കിരീടനേട്ടം കൈവരിച്ചതാണ് വീണ്ടും ഫൈനല്‍ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്. കഴിഞ്ഞ സീസണില്‍ 29 ഗോളുമായി പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് ഏറ്റുവാങ്ങിയതും സലാഹിന്റെ നേട്ടങ്ങളില്‍ ഒന്നാണ്.തുര്‍ക്കിയിലെ ഗലറ്റസറായ് ക്ലബ്ബിനായി കളിക്കുന്ന വിക്ടര്‍ ഒസിമെന്‍ നൈജീരിയയ്ക്കും ക്ലബിനും വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്, അതുവഴിയാണ് അദ്ദേഹത്തിന് ചുരുക്കപ്പട്ടികയില്‍ സ്ഥാനം ലഭിച്ചത്.

Continue Reading

Trending