പൂനെ: ഐ.പി.എല്ലില്‍ മികച്ച ഫോമില്‍ തുടരുന്ന സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്വപ്‌ന കുതിപ്പിന് വിരാമമിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫില്‍ ഇടം നേടി. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫിലെത്തിയത്. ഹൈദരാബാദ് മുന്നോട്ടു വെച്ച 180 റണ്‍സിന്റെ വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 62 പന്തില്‍ ഏഴ് ബൗണ്ടറികളും ഏഴ് സിക്‌സറുകളുമടക്കം 100 റണ്‍സുമായി പുറത്താവാതെ നിന്ന അമ്പാട്ടി റായിഡുവാണ് ചെന്നൈയുടെ വിജയ ശില്‍പി. റായിഡു, വാട്‌സണ്‍ സഖ്യത്തെ തളക്കാന്‍ തന്ത്രശാലികളായ ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് കഴിയാതെ വന്നതാണ് ടീമിന് വിനയായത്. തട്ടു തകര്‍പ്പന്‍ ശൈലിയില്‍ അടിച്ചു തകര്‍ത്ത റായിഡുവിനെ തളക്കാന്‍ വില്യംസണ്‍ സകല ആയുധവും പുറത്തെടുത്തെങ്കിലും വിജയിച്ചില്ല. ഒപണര്‍ ഷെയിന്‍ വാട്‌സണ്‍35 പന്തില്‍ നിന്നും അഞ്ചു ബൗണ്ടറികളുടേയും മൂന്ന് സിക്‌സറുകളുടേയും സഹായത്തോടെ 57 റണ്‍സെടുത്തു. സ്‌കോര്‍ ഹൈദരാബാദ് 179/4, ചെന്നൈ 180/2. ചെന്നൈക്ക് ഓപണര്‍മാരായ റായിഡു, വാട്‌സണ്‍ സഖ്യം സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 13.3 ഓവറില്‍ 134 റണ്‍സ് നേടി. സുരേഷ് റെയ്‌ന (02) മാത്രമാണ് ചെന്നൈ നിരയില്‍ പരാജയപ്പെട്ടത്. ക്യാപ്റ്റന്‍ ധോണി 20 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 18 ആയപ്പോഴേക്കും ഓപണര്‍ അലക്‌സ് ഹെയില്‍സിനെ (02) ചാഹര്‍ പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാന്‍ (79) ക്യാപ്റ്റന്‍ വില്യംസണ്‍ (51) എന്നിവര്‍ ചേര്‍ന്ന് 113 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ കരകയറ്റുകയായിരുന്നു. 49 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്‌സറുകളും ചേര്‍ന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ചെന്നൈക്കു വേണ്ടി ഷര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ചെന്നൈയ്ക്ക് 12 മത്സരങ്ങളില്‍ 16 പോയിന്റായി. ഇത്രയും മത്സരങ്ങളില്‍ 18 പോയിന്റുള്ള ഹൈദരാബാദാണ് ഒന്നാം സ്ഥാനത്ത്.