X

പ്രണോയിക്ക് നിര്‍ഭാഗ്യം, ശ്രീകാന്തിന് ഫൈനല്‍

 
ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസ് കലാശപ്പരാട്ടത്തില്‍ ഇന്ത്യന്‍ ലോകം ആഗ്രഹിച്ച ഇന്ത്യക്കാരുടെ സ്വപ്ന ഫൈനല്‍ നടക്കില്ല. മലയാളിതാരം പ്രണോയി സെമിയില്‍ പൊരുതിതോറ്റപ്പോള്‍ ലോക ഒന്നാം നമ്പര്‍ റാങ്കുകാരന്‍ സണ്‍ വാന്‍ ഹുവിനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് ഫൈനലില്‍ കടന്നു. ഒരു മണിക്കൂറും 12 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തില്‍ 21-15, 18-21, 24-22 എന്ന സ്‌കോറിലാണ് ശ്രീകാന്തിന്റെ വിജയം. മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ ശക്തമായ പ്രകടനമാണ് താരം പുറത്തെടുത്ത്. ഇതോടെ ആറു കോടി 44 ലക്ഷം രൂപയെന്ന ഭീമന്‍ സമ്മാനത്തുകയുള്ള ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോഡാണ് ശ്രീകാന്ത് സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഒരു ഇന്ത്യന്‍ പുരുഷ താരം സൂപ്പര്‍ സീരിസിന്റെ ഫൈനലിനെത്തുന്നതും ഇതാദ്യമാണ്. ഈ വര്‍ഷം സിംഗപ്പൂര്‍ ഓപ്പണ്‍ സീരീസിലും ശ്രീകാന്ത് ഫൈനലില്‍ എത്തിയിരുന്നു. ലോക 22-ാം റാങ്കുകാരനായ ശ്രീകാന്ത് ഒരു സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത് ഇത് നാലാം തവണയാണ്. ഇന്നാണ് ഫൈനല്‍. സെമിയില്‍ മലയാളിയായ എച്ച്.എസ് പ്രണോയിയെ പരാജയപ്പെടുത്തിയ കസുമാസ സകായിയാണ് കലാശപ്പോരാട്ടത്തില്‍ ശ്രീകാന്തിന്റെ എതിരാളി. യോഗ്യതാ റൗണ്ട് മുതല്‍ ശക്തമായ പോരാട്ടം നടത്തി കപ്പിനടുത്തെത്തിയ സകായിയുടെ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കലാശപ്പോരാട്ടമാണിത്. ലോകറാങ്കിങ്ങില്‍ നാല്‍പതിന് മുകളിലാണ് സകായിയുടെ സ്ഥാനം.
സെമി വരെ തകര്‍പ്പന്‍ നടത്തിയിരുന്നു തിരുവനന്തപുരത്തുകാരനായ പ്രണോയി. 77 മിനുട്ട് പോരാട്ടത്തില്‍ നേരിയ മാര്‍ജിനിലാണ് പ്രണോയി പൊരുതികളിച്ച് പരാജയപ്പെട്ടത്. സ്‌ക്കോര്‍ 21-17,26-28,18-21. ഇന്നലെ തന്റെ ദിവസമായിരുന്നില്ലെന്ന് പ്രണോയി പറഞ്ഞു. അഞ്ച് തവണ മാച്ച് പോയന്റിന് സര്‍വ് ചെയ്തു. പക്ഷേ പരാജയപ്പെട്ടു. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി-അദ്ദേഹം ട്വീറ്റ് ചെയ്തു. ആദ്യ ഗെയിം സ്വന്തമാക്കിയ പ്രണോയി രണ്ടാം ഗെയിമിലാണ് മുന്‍ത്തൂക്കവുമായി വിജയത്തിന് അരികിലെത്തിയത്. പക്ഷേ നിര്‍ഭാഗ്യം പിടികൂടി. മൂന്നാം ഗെയിം ജപ്പാന്‍ താരം നേടി.

chandrika: