സജീവ ക്രിക്കറ്റില്‍ നിന്നും ശ്രീശാന്തിന് മാറി നില്‍ക്കേണ്ടി വന്ന ഏഴ് വര്‍ഷത്തിലേറെ കാലം കൊണ്ട് ക്രിക്കറ്റ് ഏറെ മാറി. എതിരാളികളെ അധിക്ഷേപിച്ച് പ്രകോപിപ്പിച്ച് കളി സ്വന്തം വരുതിക്ക് കൊണ്ടുവരുന്ന സ്‌ളെഡ്ജിംഗിന്റെ ആശാന്മാരായിരുന്ന ആസ്‌ട്രേലിയ വരെ നയം മാറ്റി. എന്നാല്‍ ശ്രീശാന്തിന് മാത്രം മാറ്റമില്ല. വര്‍ധിതവീര്യത്തിലാണ് ശ്രീ ഇപ്പോഴും പന്തെറിയുന്നതും എല്‍.ബിക്ക് അപ്പീല്‍ ചെയ്യുന്നതും വിക്കറ്റ് ആഘോഷിക്കുന്നതും ബാറ്റ്‌സ്മാനെ തുറിച്ച് നോക്കുന്നതുമെല്ലാം.

ഓരോ കളിക്കാര്‍ക്കും അവരുടേതായ പ്രത്യേകതകള്‍ മൈതാനത്തുണ്ടാവും. ശ്രീശാന്തിന് അത് അഗ്രസീവ്‌നെസാണ്. 37ാം വയസില്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന ശ്രീശാന്ത് തന്റെ വീര്യം ഒട്ടും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ജനുവരി 10ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള കേരള ടീമിന്റെ പരിശീലന മത്സരത്തിനിടെയാണ് പഴയ ശ്രീശാന്തിന്റെ മിന്നലാട്ടം കണ്ടത്. ശ്രീശാന്തിന്റെ ബൗളിംഗ് വീഡിയോ കെ.സി.എ തന്നെ യുട്യൂബില്‍ ഇട്ടിട്ടുണ്ട്.

2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കാനുള്ള ആഗ്രഹവും ശ്രീ മറച്ചുവെക്കുന്നില്ല. ‘സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്ന എനിക്കായി കിരീടം നേടാനുള്ള ആഗ്രഹം പരിശീലകന്‍ ടിനുവും ക്യാപ്റ്റന്‍ സഞ്ജു സാംസണും പ്രകടിപ്പിച്ചിട്ടുണ്ട്. നമുക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫി മാത്രമല്ല, ഇറാനി ട്രോഫിയും രഞ്ജി ട്രോഫിയും നേടണം. മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നുറപ്പാണ്. ഐ.പി.എല്ലുമായി ബന്ധപ്പെട്ടും ചിലര്‍ സമീപിച്ചിട്ടുണ്ട്. കായികക്ഷമത കാത്തുസൂക്ഷിക്കാനും മികച്ച രീതിയില്‍ ബോള്‍ ചെയ്യാനുമാണ് ശ്രമം. അടുത്ത മൂന്നു വര്‍ഷമാണ് എന്റെ മനസ്സില്‍. 2023 ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കുകയും കിരീടം നേടുകയുമാണ് എന്റെ സ്വപ്നം’ ശ്രീശാന്ത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.