ചെന്നൈ: ചെന്നൈയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് വീടിനകത്ത് തീക്കൊളുത്തി കൊലപ്പെടുത്തി. ഇന്ദുജ (22)യാണ് എന്‍ജിനീയറിങ് ബിരുദധാരിയായ ആകാശിന്റെ (25) ക്രൂരകൃത്യത്തിനിരയായി കൊല്ലപ്പെട്ടത്. ആഡംബാക്കത്തെ സരസ്വതി നഗറിലുള്ള ഇന്ദുജയുടെ വീട്ടിലായിരുന്നു സംഭവം. ഇന്ദുജയുമായി സൗഹൃദത്തിലായിരുന്ന ആകാശ് ഒരുമാസമായി പെണ്‍കുട്ടിയോട് പ്രണയാഭ്യാര്‍ത്ഥന നടത്തി ശല്യം ചെയ്യുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലാണ് ഇന്ദുജയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ മാതാവ് രേണുക (44), സഹോദരി നിവേദ (20) എന്നിവര്‍ക്കും പൊള്ളലേറ്റു. ഇരുവരും ആസ്പത്രിയില്‍ ചികിത്സയിലാണ്.

ഇന്ദുജയെ കാണാന്‍ വേണ്ടി വീട്ടിലെത്തിയ ആകാശിനെ വീട്ടുകാര്‍ ആദ്യം തടഞ്ഞെങ്കിലും കുറച്ചു നേരം സംസാരിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ടതിനാലാണ് അകത്തേക്കു പ്രവേശിക്കാന്‍ അനുവദിച്ചത്. പ്രകോപിതനായ ആകാശ്് പെട്ടന്ന് പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട ആകാശിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.