കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ജയം ഇടുക്കിക്ക്. എറണാകുളം അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് രാവിലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ തിരുവനന്തപുരത്തെയാണ് ഇടുക്കി തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്നി ഗോളുകള്‍ക്കായിരുന്നു ഇടുക്കിയുടെ വിജയം. എല്‍ദോ സണ്ണിയുടെ ഇരട്ട ഗോളുകളാണ് ഇടുക്കിയെ വിജയത്തില്‍ എത്തിച്ചത്. അല്‍സേ എന്‍ ജമാല്‍ ഇടുക്കിക്ക് വേണ്ടി മൂന്നാം ഗോള്‍ നേടി.

രാവിലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ വയനാട് കോഴിക്കോടിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വയനാടിന്റെ വിജയം. മനാഫ്.കെ, മാഹിന്‍ പി ഹുസൈന്‍, നിഖില്‍ എന്‍.എം എന്നിവര്‍ വയനാടിനായി എതിര്‍ വലകുലുക്കിയപ്പോള്‍ പി.എം നൗഫലിന്റെ ബൂട്ടില്‍ നിന്നായിരുന്നു കോഴിക്കോടിന്റെ ആശ്വാസഗോള്‍. വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന മത്സരത്തില്‍ കാസറഗോഡ് പത്തനംതിട്ടയെ നേരിടും.