തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ രണ്ടരക്കോടിയിലേറെ വോട്ടര്‍മാരുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഇപ്പോഴത്തെ പട്ടിക പ്രകാരം 2,54,08,711 വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. ഇതില്‍ 1,22,97,403 പേര്‍ പുരുഷന്മാരാണ്. 1,31,11,189 ആണ് സ്ത്രീ വോട്ടര്‍മാരുടെ എണ്ണം. അതേസമയം, വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും പേരു ചേര്‍ക്കാനാവുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി ചേര്‍ക്കുന്നവരുടെ പേര് ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്. കുറവ് വയനാട്ടിലും. 24,970 പോളിങ് സ്‌റ്റേഷനുകളാണ് കേരളത്തില്‍ ഒരുക്കുക. എല്ലാ ബൂത്തുകളിലും വോട്ടു രശീതി (വിവിപാറ്റ്) സംവിധാനം ഉണ്ടാവും. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്.